കെ. ആർ മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിന്നും' തമ്മിൽ സാമ്യം? സോഷ്യൽ മീഡിയയിൽ ചർച്ച

Published : Jun 01, 2026, 12:48 PM IST
kr meera kalachi haritha savithri-zinn novel similarities social media debate

Synopsis

കെ.ആർ മീരയുടെ 'കലാച്ചി', ഹരിത സാവിത്രിയുടെ 'സിൻ' എന്നീ നോവലുകളുടെ പ്രമേയത്തിലെ സാമ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വിഷയത്തില്‍ ഹരിത സാവിത്രി പങ്കുവച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. 

കെ. ആർ മീരയുടെ 'കലാച്ചി'യും ഹരിത സാവിത്രിയുടെ 'സിന്നും' തമ്മിൽ സാമ്യം? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. 2022 -ലാണ് ഹരിത സാവിത്രിയുടെ നോവൽ 'സിൻ' പുറത്തിറങ്ങുന്നത്. 2025 -ലാണ് കെ ആർ മീരയുടെ 'കലാച്ചി' പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്. ഇവയുടെ ഉള്ളടക്കങ്ങൾ തമ്മിൽ സാമ്യമുണ്ട് എന്നാണ് വിമർശനമുയരുന്നത്. കുറച്ച് ദിവസം മുമ്പ് ഹരിത സാവിത്രി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിന് പിന്നാലെ പലതരം ചർച്ചകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കാമുകനെ തേടി വിദേശത്തുള്ള പ്രശ്നബാധിതമായ പ്രദേശത്തേക്ക് പോകുന്ന യുവതിയാണ് രണ്ട് നോവലുകളിലെയും പ്രധാന കഥാപാത്രം. ഇതോടെയാണ്, പ്രമേയത്തിൽ ഇരുനോവലുകളും തമ്മിൽ സാമ്യമുണ്ടെന്ന ചർച്ചയ്ക്ക് കാരണമായി തീർന്നത്.

ഹരിത സാവിത്രിയുടെ ആദ്യ പോസ്റ്റിൽ ഇതേക്കുറിച്ച് നേരിട്ട് പരാമർശങ്ങളൊന്നും തന്നെയില്ലെങ്കിലും സാഹിത്യപ്രേമികൾ ഇരു പുസ്തകങ്ങളുമായി സാമ്യമുണ്ടെന്നും, ഇല്ലെന്നും, യാദൃച്ഛികമായി സംഭവിച്ച സാമ്യമാകാം എന്നുമുള്ള വാദങ്ങളാണ് ഉയർത്തുന്നത്. 'നിങ്ങൾ വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങള്‍ക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്' എന്നാണ് ഹരിതയുടെ പോസ്റ്റിൽ ചോദിക്കുന്നത്.

അതേസമയം, കലാച്ചിയെ പറ്റി നേരിട്ട് പരാമർശമില്ലെങ്കിലും ഇത് കലാച്ചിയെ കുറിച്ചാണ് എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഉയർന്നു. പിന്നാലെയാണ്, ഇതുമായി ബന്ധപ്പെട്ട വിശദമായ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. 

 

പിന്നാലെ കലാച്ചിയെയും സിന്നിനെയും സാമ്യപ്പെടുത്തിയും വിമർശിച്ചുമെല്ലാം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്നലെ വീണ്ടും ഹരിത ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചു.

'പ്രിയപ്പെട്ടവരെ,

നടന്നു വരുന്ന വിവാദത്തെ കുറിച്ച് പറയാനുള്ളത് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുറച്ച് നാളുകൾക്കു മുൻപാണ് സിനിനോട് സാമ്യം ഉണ്ടെന്ന് തോന്നിയ ഒരു പുസ്തകം വായിച്ചത്.

വളരെ പ്രതീക്ഷയോടെ കയ്യിലെടുത്ത പുസ്തകം ആദ്യത്തെ കുറച്ചു അധ്യായങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. വിദേശത്തെ ഒരു പ്രശ്നബാധിതപ്രദേശത്തേക്ക് കാമുകനെ അന്വേഷിച്ചു പോകുന്ന കാമുകി. തന്റെ സുഹൃത്തുക്കളുടെ വിലക്ക് അവഗണിച്ച്, അവരുടെ കണ്ണ് വെട്ടിച്ച് അവൾ ദൂരെയുള്ള കാമുകന്റെ ഗ്രാമത്തിലേക്ക് യാത്രയാകുന്നു. കാറിലുള്ള ദുരിതമയമായ, നീണ്ട യാത്ര. അവസാനം കാമുകന്റെ ഗ്രാമത്തിൽ എത്തിച്ചേരുന്നു. അപരിചിതമായ ചുറ്റുപാടുകളിലെ താമസം.

അവസാനം കാമുകനുമായുള്ള ബന്ധത്തിൽ വ്യക്തമായ ക്ലോഷർ ഇല്ലാതെയുള്ള മടക്കം.

ഈ ത്രെഡിന് സിൻ എന്ന എന്റെ നോവലിന്റെതുമായി വളരെയധികം സാമ്യം അനുഭവപ്പെട്ടു. ഇതിനിടയിൽ രണ്ടു നോവലുകളിലും വ്യത്യസ്തമായ പല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കഥകൾ, ഉപകഥകൾ... പല അടരുകളുള്ള പുസ്തകങ്ങളാണ് രണ്ടും.

പക്ഷെ മേൽപ്പറഞ്ഞ കാര്യങ്ങളിലെ സാമ്യം മനസ്സിൽ ഒരു കരടായി അവശേഷിച്ചു.

എന്റെ മാത്രം തോന്നൽ ആണിത് എന്ന് കരുതി അവഗണിക്കാൻ ശ്രമിച്ചു. പക്ഷെ ധാരാളം വായനക്കാർ ഈ സാമ്യത്തെ കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി.

ഇതിനെ കുറിച്ച് എല്ലാവരോടും അവസാനമായി പറയാനുള്ളത് ഇതാണ്.

എന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല.

പക്ഷെ ഈ പറഞ്ഞ അടിസ്ഥാനപരമായ സാമ്യങ്ങൾ നില നിൽക്കുന്നു.

ഒഴിവാക്കാമായിരുന്നു. അത്രേയുള്ളൂ. മറ്റു ചില കാര്യങ്ങൾ കൂടി ഈ അവസരത്തിൽ പറയേണ്ടതുണ്ട്. വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്ത്തൽ മേൽപ്പറഞ്ഞ പുസ്തകത്തിന്റെ പിന്നിൽ കണ്ടു. അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോൾ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുൽക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ്‌ ഇട്ടതും ശ്രദ്ധയിൽ പെട്ടു. എല്ലാ മനുഷ്യരും തുല്യരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.

മനുഷ്യരെ ജാതീയമായും സോഷ്യൽ ക്ലാസ് അനുസരിച്ചും ഇകഴ്ത്തിയും അധിക്ഷേപിച്ചും നടക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. പുൽക്കൊടി ആകാൻ വിരോധമില്ല. പക്ഷെ, എന്റെ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ്.

എന്റെ വേരുകളും എന്റെ ആകാശവും എന്റേതാണ്. എന്റെ ഇലകളിൽ തങ്ങി നിൽക്കുന്ന മഞ്ഞുതുള്ളികളും തലനീട്ടുന്ന ചെറുപൂക്കളും എന്റേതാണ്, എന്റേത് മാത്രമാണ്.

നന്ദി.'

എന്നായിരുന്നു പോസ്റ്റ്. അതേസമയം, എഴുത്തുകാരും വായനക്കാരുമായി നിരവധിപ്പേർ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, കെ ആർ മീര വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

'കടലിന്റെ ദാഹം' ഇനി അറബിയില്‍, കടല്‍കടന്ന് പി. കെ. പാറക്കടവിന്റെ മിന്നല്‍ക്കഥകള്‍
സ്‌കൂള്‍ കാലത്ത് ഇംഗ്ലീഷ് കണ്ടാല്‍ വിറച്ചൊരു കുട്ടി പില്‍ക്കാലത്ത് കുടിച്ചുവറ്റിച്ച ലോകസാഹിത്യസമുദ്രങ്ങള്‍