
കുഞ്ഞുകഥകളാല്‍ മലയാള ചെറുകഥയുടെ ഭാവനാലോകങ്ങള്‍ ആകാശത്തോളം വലുതാക്കിയ പ്രമുഖ കഥാകൃത്ത് പി. കെ. പാറക്കടവിന്റെ മിന്നല്‍ക്കഥകള്‍ ഇനി അറബി ഭാഷയിലും. 2021-ല്‍ പ്രസിദ്ധീകരിച്ച 66 മിനിക്കഥകളുടെ സമാഹാരമായ 'കടലിന്റെ ദാഹം' എന്ന പുസ്തകമാണ് 'ബഹറുല്‍ അത്വീശ്' എന്ന പേരില്‍ അറബിയില്‍ പുറത്തിറങ്ങിയത്. കുവൈത്തിലെ ദാറുല്‍ ഹികായ എന്ന പ്രസാധകരാണ് ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. മുഹമ്മദ് റാഫിഹ് ആണ് 'കടലിന്റെ ദാഹം' അറബിയിലേക്ക് മൊഴിമാറ്റിയത്.
മിന്നല്‍പ്പിണര്‍പോലെ, ക്ഷണനേരം കൊണ്ട് ചുറ്റുപാടുകള്‍ കാണിച്ചുതന്ന് മാഞ്ഞുപോവുന്നതാണ് പാറക്കടവിന്റെ മിന്നല്‍ക്കഥകള്‍. മിന്നല്‍പ്പിണര്‍ ക്ഷണനേരംകൊണ്ട് മാഞ്ഞുപോവുമ്പോള്‍, മിന്നല്‍ക്കഥകള്‍ ഉള്ളിനുള്ളില്‍ സൃഷ്ടിക്കുന്ന വെളിച്ചം ആയുഷ്‌കാലം ബാക്കിനില്‍ക്കും എന്നതാണ് വ്യത്യസം. ലോകത്തെ ഇത്തിരിച്ചെപ്പിലൊതുക്കുന്ന മാന്ത്രികതയാണ് ആ എഴുത്തിന്റെ സൗന്ദര്യം. ഒറ്റ വരിയില്‍പോലും കഥ വിരിയിക്കുന്ന മാന്ത്രികത.
പി. കെ പാറക്കടവിന്റ കഥാ സമാഹാരങ്ങള്‍ നേരത്തെ ഇംഗ്ലീഷിലും ബംഗാളിയിലും തമിഴിലും ഉറുദുവിലും തെലുഗിലും വിവര്‍ത്തനം ചെയ്തുവന്നിട്ടുണ്ട്. തമിഴിലെ പ്രശസ്ത എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാനാണ് 'മീസാന്‍ കല്ലുകളുടെ കാവല്‍' എന്ന പികെ പാറക്കടവിന്റെ നോവല്‍ തമിഴിലേക്ക് മൊഴി മാറ്റിയത്. ബംഗാളിലെ പ്രശസ്ത എഴുത്തുകാരി തൃഷ്ണ ബാസക് ആണ് പി കെ പാറക്കടവിന്റ തിരഞ്ഞെടുത്ത കഥകള്‍ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തിയത്.
'എന്റെ ചെറിയ വലിയ കഥകള്‍ കടല്‍ കടന്ന് പലയിടങ്ങളിലും എത്തുന്നു എന്നതും ഈ മിന്നല്‍ക്കഥകള്‍ പല ഭാഷകള്‍ സംസാരിക്കുന്നു എന്നതും സന്തോഷകരമാണെന്ന് പി.കെ പറക്കടവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പഴയ കാര്‍കൂന്തലും കാച്ചെണ്ണയുടെ മണവും അല്ല സാര്‍വ്വലൗകികമായ ചിലത് ഈ കുഞ്ഞു കഥകളിലുള്ളത് കൊണ്ടാണ് അത് സ്വീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.