
ദില്ലി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഓഹരി വിപണിയിലേക്കുളള പണം വരവ് കൂടിയതിനാലും രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഭരണപരമായ അസ്ഥിരത ഉണ്ടാകില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലും ഗോള്‍ഡ്മാന്‍ സാക്സ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി. മാര്‍ക്കറ്റ് വെയ്റ്റ് എന്നതില്‍ നിന്നും ഓവര്‍ വെയ്റ്റ് എന്നതിലേക്കാണ് സാക്സ് റേറ്റിംഗ് ഉയര്‍ത്തിയത്.
എതിരാളികളെ കവച്ചുവയ്ക്കുന്ന മികച്ച പ്രകടനം ഏതെങ്കിലും ഓഹരിയോ സൂചികയോ പ്രകടമാക്കുമെന്ന് സൂചിപ്പിക്കാനാണ് സാധാരണ സാമ്പത്തിക അവലോകനം നടത്തുന്നവര്‍ ഈ റേറ്റിംഗ് ഉപയോഗിക്കാറുളളത്. ഇത് കൂടാതെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റിക്ക് ഒരു വര്‍ഷത്തെ ടാര്‍ഗറ്റും സാക്സ് നിശ്ചയിച്ചു. നിഫ്റ്റി 12,500 പോയിന്‍റിലേക്ക് ഉയരുമെന്നാണ് സാക്സ് പ്രതീക്ഷിക്കുന്നത്.
ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്സ് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയുടെ റേറ്റിംഗ് മാര്‍ക്കറ്റ് വെയ്റ്റിലേക്ക് താഴ്ത്തിയത്. മൈക്രോ, വരുമാന സംബന്ധിയായ പ്രതിസന്ധികളും രാഷ്ട്രീയ വിഷയങ്ങളുമാണ് അന്ന് റേറ്റിംഗ് താഴ്ത്താന്‍ സാക്സിനെ പ്രേരിപ്പിച്ച ഘടകം.