ജിഎസ്ടി കൗൺസിൽ യോഗം 28ന്; കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെ നികുതി, ജിഎസ്ടി നഷ്ടപരിഹാരം എന്നിവ ചർച്ചയായേക്കും

By Web TeamFirst Published May 26, 2021, 11:54 PM IST
Highlights

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്ക് നികുതി ഒഴിവാക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി: ജിഎസ്ടി കൗൺസിൽ യോഗം ഈ മാസം 28 ന് ചേരും. ഏഴ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു ഇടവേള വന്നത്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനോട് യോഗം ചേരാൻ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങൽ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തിൽ ചർച്ചയായേക്കും.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്ക് നികുതി ഒഴിവാക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ദീർഘ നേരം ചർച്ച നടക്കാൻ സാധ്യതയുണ്ട്. 

ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയാകുന്ന ജിഎസ്ടി കൗൺസിലിന്റെ 43-ാമത് യോഗമാണിത്. കൊറോണ വൈറസ് പകർച്ചവ്യാധി പ്രതിസന്ധികൾ കാരണം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോ​ഗം സംഘടിപ്പിക്കുന്നത്. 2020 ഒക്ടോബർ അഞ്ചിന്, ഏഴ് മാസം മുൻപാണ് ജിഎസ്ടി കൗൺസിലിന്റെ യോ​ഗം നടന്നത്. ഇതുമൂലം കേന്ദ്രത്തിൽ ഉടനടി യോഗം ചേരാനുള്ള സമ്മർദ്ദം കൂടുതലായിരുന്നു.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഹാൻഡ് സാനിറ്റൈസറുകൾ, ഫെയ്സ് മാസ്കുകൾ, കയ്യുറകൾ, പിപിഇ കിറ്റുകൾ, ടെമ്പറേച്ചർ സ്കാനറുകൾ, ഓക്സിമീറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയിൽ ജിഎസ്ടി ഇളവ് പരിഗണിക്കാൻ പഞ്ചാബ് ധനമന്ത്രി മൻ പ്രീത് സിംഗ് ബദൽ അടുത്തിടെ ധനമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഓരോ പാദവാർഷിക കാലത്തും യോഗം ചേരണമെന്ന നിബന്ധന കേന്ദ്രസർക്കാർ തെറ്റിച്ചതിൽ വിവിധ സംസ്ഥാനങ്ങൾക്ക് പരാതിയുണ്ട്. ഒക്ടോബർ അഞ്ചിനാണ് അവസാനം യോഗം ചേർന്നത്. ഇത് ഒക്ടോബർ 12 വരെ നീണ്ടുനിന്നിരുന്നു. ജിഎസ്ടി നിയമം നിലവിൽ വന്ന സമയത്ത് ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നൽകാനായിരുന്നു തീരുമാനം. ജൂലൈ 2017 ന് തുടങ്ങിയ ജിഎസ്ടി നഷ്ടപരിഹാരം ലഭ്യമാക്കുന്ന രീതി ജൂലൈ 2022 വരെ മാത്രമേ നിലവിലെ സാഹചര്യത്തിൽ തുടരുകയൊള്ളൂ.  2022 ജൂലൈയിൽ എന്ന സമയപരിധിയിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് നീട്ടാനും സംസ്ഥാനങ്ങൾക്ക് ആഗ്രഹമുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!