കേന്ദ്രം വിൽക്കുന്നത് 'പൊന്ന് കായ്ക്കുന്ന മരം'; കേരളം കമ്പനിക്ക് ഭൂമി കൊടുത്തത് ഒരു രൂപയ്ക്ക്!

Published : Mar 09, 2022, 02:06 PM IST
കേന്ദ്രം വിൽക്കുന്നത് 'പൊന്ന് കായ്ക്കുന്ന മരം'; കേരളം കമ്പനിക്ക് ഭൂമി കൊടുത്തത് ഒരു രൂപയ്ക്ക്!

Synopsis

ഈ സ്ഥാപനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന കേരളത്തോട് മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ

ദില്ലി: പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്തുകയാണ് കേന്ദ്രസർക്കാർ. നവ ലിബറൽ സാമ്പത്തിക നയങ്ങൾ ശക്തമായി നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എച്ച്എൽഎൽ ലൈഫ് കെയർ എന്ന കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുന്ന കമ്പനിയും വിൽക്കുന്നത്. ഈ സ്ഥാപനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന കേരളത്തോട് മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.

എച്ച്എൽഎൽ ലൈഫ് കെയർ

രാജ്യത്ത് ലൈഫ്കെയർ ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേൺ ഓവർ. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനിയാണിത്. 

കേരളവും എച്ച്എൽഎല്ലും തമ്മിലെ ബന്ധം

എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ആസ്ഥാനം കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ്. കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു. കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തിൽ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എൽഎല്ലിന്‍റെ ആസ്ഥാനത്തിന് പുറമെ നാല് ഫാക്ടറികളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്.1969 ലാണ് കമ്പനി ആരംഭിച്ചത്. സ്ഥാപനത്തിന് പൊതുതാത്പര്യം കണക്കിലെടുത്ത് വെറും ഒരു രൂപ വാങ്ങിയാണ് 19 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയത്.

കേന്ദ്രത്തിന്റെ എതിർപ്പ്

ലേലത്തിൽ (Auction)  പങ്കെടുക്കാൻ സർക്കാരിന്  അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കെഎസ്ഐഡിസിയെയാണ് കേരളം ലേല നടപടികൾക്കായി ചുമതലപ്പെടുത്തിയത്. എന്നാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസർക്കാരിന്‍റെ മറുപടി. സർക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നതിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ൽ ഡിസ്ഇൻവെസ്റ്റ്മെന്‍റ് മന്ത്രാലയത്തിന്‍റെ തീരുമാനം അറിയിച്ചാണ് തടസവാദം. ഇതോടെ സംസ്ഥാന സർക്കാരിന് പുതിയ വഴികൾ തേടേണ്ടി വരും.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി