
കൊവിഡ് സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് നിരവധി കമ്പനികള്‍ സാലറി കട്ടും പിരിച്ചുവിടലുകളും പ്രഖ്യാപിക്കുകയാണ്. ഇതിനിടെ സ്വന്തമായി ഒരു വീട് ആഗ്രഹിച്ചവര്‍ക്ക് ഇരുട്ടടിയാകുകയാണ് ചില ബാങ്കുകളുടെ ഭാഗത്ത് നിന്നുളള നടപടികള്‍. വായ്പ അനുവദിച്ചു നല്‍കിയവരോട് വീണ്ടും ബാങ്കുകള്‍ സാലറി സ്ലിപ്പുകള്‍ ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഫ്ലാറ്റ് വാങ്ങാൻ വായ്പ നടപടികൾ പൂർത്തിയാക്കിയവർ പോലും ബാങ്കുകളുടെ ഭാഗത്ത് നിന്നുളള ഈ പുതിയ നടപടി കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലും മറ്റും ഇത്തരം കേസുകളുണ്ടായതായി പ്രമുഖ ദേശീയ മാധ്യമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ കെട്ടിട നിര്‍മാതാക്കളും പ്രശ്‌നത്തിലായി. അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകളുമായി ബന്ധപ്പെട്ട് കരാര്‍ നടപടികളും മറ്റും പുരോഗമിക്കുന്നതിനിടെയാണ് ബാങ്കുകളുടെ ഈ പുതിയ ആവശ്യം. വായ്പ എടുത്തവർക്ക് കൃത്യമായി ഇഎംഐ അടയ്ക്കാൻ പ്രാപ്തിയുണ്ടോ എന്ന് ശമ്പള സ്ലിപ്പുകൾ പരിശോധിച്ച് ഉറപ്പാക്കുകയാണ് ബാങ്കുകളുടെ ഈ നടപടിക്ക് പിന്നിലെ ലക്ഷ്യം. ശമ്പളത്തിൽ കുറവുണ്ടാകുകയോ തൊഴിൽ നഷ്‌ടമാവുകയോ ചെയ്തവർക്ക് നൽകുന്ന വായ്പ പിന്നീട് കിട്ടാക്കടമായി മാറുമോ എന്നാണ് ബാങ്കുകളുടെ പേടി.
കഴിഞ്ഞ രണ്ട് മാസമായി ബാങ്കുകൾ വായ്പ വിതരണം ചെയ്യുന്നത് നിർത്തിയതായി തന്റെ ഉപഭോക്താക്കളിൽ പലരും പരാതിപ്പെട്ടിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു പ്രമുഖ നിർമ്മാതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വലിയ കിട്ടാക്കട പ്രതിസന്ധി നേരിടുന്നതിനിടെ തിരിച്ചടവിന് പ്രാപ്തി ഇല്ലാത്തവർക്ക് വായ്പ അനുവദിക്കാൻ ബാങ്കുകൾ തയ്യാറല്ല.
"വായ്പാ നടപടികള്‍ പൂര്‍ത്തിയായി പൂര്‍ണമായി തുക കൈമാറുന്നതിന് മുന്‍പ് വരെ വായ്പ എടുത്ത വ്യക്തിക്ക് തുക തിരിച്ചടയ്ക്കാനുളള പ്രാപ്തിയുണ്ടോ എന്ന് പരിശോധിക്കാനുളള അധികാരം ബാങ്കുകള്‍ക്കുണ്ട്. നടപടി പൂര്‍ത്തിയാക്കി വായ്പ വിതരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ തനിക്ക് തിരിച്ചടയ്ക്കാനുളള കഴിവില്ലെന്ന് വായ്പ എടുത്ത ഉപഭോക്താവിന് തോന്നുകയാണെങ്കില്‍ അദ്ദേഹത്തിനും പിന്മാറാനുളള അവകാശം ഉണ്ട്. ഇതിന് വിപരീതമായി വായ്പ എടുത്ത ശേഷം ആദ്യ അടവ് തന്നെ മുടങ്ങിയാല്‍, വില കുറഞ്ഞ മറ്റൊരു വീടോ വായ്പയോ വാങ്ങാനോ എടുക്കാനോ ഉളള അവസരം അദ്ദേഹത്തിന് ഇല്ലാതാകും," സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ആദ്യം മുതൽ വീണ്ടും പരിശോധന
"മിക്കവരുടെയും ശമ്പളത്തിൽ തിരുത്തലുകൾ ഉണ്ടായത് കാരണം ബാങ്കുകൾ അവരുടെ ഉപഭോക്താക്കളുടെ ഭവന വായ്പകൾ വീണ്ടും മൂല്യനിർണ്ണയം നടത്തുകയാണ്. ഇതിനാൽ കൂടുതൽ വായ്പ വിതരണം നിർത്തിവച്ചിരിക്കുന്നു. ബാങ്കുകൾ അവരുടെ പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നതിനാൽ ഇത് പല നിർമ്മാതാക്കളെയും ബാധിച്ചു,’’ മഹാരാഷ്ട്ര ചേംബർ ഓഫ് ഹൗസിംഗ് ഇൻഡസ്ട്രി (താനെ) പ്രസിഡന്റ് അജയ് ആശർ പറഞ്ഞു. ഞങ്ങൾക്ക് ബാങ്കുകളിൽ നിന്ന് പതിവായി പേയ്‌മെന്റുകൾ ലഭിക്കുന്നുണ്ടായിരുന്നു, പക്ഷേ ലോക്ക്ഡൗണിനുശേഷം ഇത് അവസാനിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
"50 ലക്ഷത്തിലധികം രൂപയുള്ള ഓരോ ഭവനവായ്പയും വീണ്ടും വിലയിരുത്തലിനായി ഏറ്റെടുക്കുന്നു. ബാങ്കുകൾ വായ്പ നൽകാനോ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനോ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഇരട്ടി പലിശ നൽകണമെന്ന് അവർ ആഗ്രഹിക്കുന്നു," ഡെവലപ്പറും ക്രെഡായ്-എംസിഐ പ്രസിഡന്റുമായ നയൻ ഷാ പറഞ്ഞു
കൃത്യമായ പരിശോധനകളില്ലാതെ വായ്പ നേടിയെടുത്താൻ തിരിച്ചടവ് തുടക്കത്തിലേ മുടങ്ങും, ഇത് ക്രെഡിറ്റ് സ്കോർ ഇല്ലാതാക്കുകയും ഭാവിയിൽ വായ്പ ലഭിക്കാനുളള അവസരം കുറയാൻ ഇത് ഇടയാക്കുകയും ചെയ്യും. പ്രമുഖ ബാങ്കിങ് വിദഗ്ധർ അഭിപ്രായപ്പെട്ടു. “ഇത് ഞങ്ങൾ ചെയ്യുന്ന പുതിയ കാര്യമല്ല. ഞങ്ങളുടെ സാധാരണ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമായി ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ ഞങ്ങൾ നോക്കുന്നു. അത്രമാത്രം,’’ എച്ച്ഡിഎഫ്സിയുടെ വക്താവ് പറഞ്ഞു.
പ്രീ-ലോക്ക്ഡൗൺ സമയത്ത് അനുവദിച്ചതും എന്നാൽ, വിതരണം ചെയ്യാത്തതുമായ വായ്പകൾക്കും അല്ലെങ്കിൽ ഗണ്യമായ ഭാഗം ഇനിയും വിതരണം ചെയ്യാത്ത നിർമാണത്തിൻ കീഴിലുള്ള വായ്പകൾക്കും അവരുടെ സാമ്പത്തിക വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ ക്ലയന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മറ്റൊരു സ്വകാര്യ മേഖലയിലെ ബാങ്കർ പറഞ്ഞു.
വീട് വാങ്ങുന്നവർ തങ്ങളുടെ ഇഎംഐകളിൽ മൂന്ന് മാസത്തെ മൊറട്ടോറിയം ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ബാങ്ക് പണം വിതരണം ചെയ്യുന്നത് നിർത്തി. മൊറട്ടോറിയം അവസാനിച്ചുകഴിഞ്ഞാൽ, ഞങ്ങൾ ഈ കേസുകൾ പ്രത്യേകം വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.