ക‌ടുത്ത നടപടികളുമായി ചൈന: ബിറ്റ്‌കോയിന്‍റെ മൂല്യം കൂപ്പുകുത്തി; സ്വന്തം ക്രിപ്‌റ്റോകറന്‍സി അവതരിപ്പിച്ചേക്കും

By Web TeamFirst Published Jun 22, 2021, 8:19 PM IST
Highlights

ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ ഏറ്റവും പുതിയ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ കാരണം അഞ്ച് മാസത്തിനിടെ ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 30,000 ഡോളർ മാർക്കിന് താഴേക്ക് ഇടിഞ്ഞു.

ബീജിംഗ്: ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ ചൈന നടത്തുന്ന കടുത്ത നടപടികളെ തുടര്‍ന്ന് വന്‍ മൂല്യത്തകര്‍ച്ച നേരിട്ട് ബിറ്റ്‌കോയിന്‍. ബിറ്റ്‌കോയിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും വന്‍ മൂല്യത്തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തമായി ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഈ നടപടി എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.

ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ ഏറ്റവും പുതിയ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ കാരണം അഞ്ച് മാസത്തിനിടെ ഇതാദ്യമായി ബിറ്റ്കോയിന്റെ മൂല്യം 30,000 ഡോളർ മാർക്കിന് താഴേക്ക് ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയുടെ മൂല്യം 29,614 ഡോളറായി കുറഞ്ഞു. എട്ട് ശതമാനത്തിലധികമാണ് മൂല്യത്തകർച്ച. കോയിൻഡെസ്ക് ഡാറ്റ പ്രകാരം, ജനുവരി 27 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 

രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയായ ഈഥറും 10% ഇടിവോടെ 2,000 ഡോളറിൽ താഴേക്ക് എത്തി. 1,768 ഡോളറിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഡിജിറ്റൽ ടോക്കൺ 0.17 ഡോളറായി കുറഞ്ഞപ്പോൾ ഡോഗെകോയിൻ വില ഏറ്റവും ഉയർന്ന മാർജിനിൽ കൂപ്പുകുത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിവ് 25 ശതമാനമാണ്. എക്സ്ആർപി, ലിറ്റ്കോയിൻ തുടങ്ങിയ മറ്റ് ക്രിപ്റ്റോകറൻസികളും 10 ശതമാനത്തിലധികം ഇടിഞ്ഞു.

ജനുവരി അവസാനമാണ് ബിറ്റ്കോയിൻ 30,000 ഡോളറിൽ താഴെ വ്യാപാരം നടത്തിയത്. കഴിഞ്ഞ മാസം നടന്ന വിൽപ്പനയ്ക്കിടെയിലും ഈ പിന്തുണാ നില സ്ഥിരമായി നിലനിന്നിരുന്നു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കാൻ ഇടയാക്കിയിരുന്നു. 

ക്രിപ്റ്റോകറൻസി ട്രേഡിംഗിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈനയിലെ ബാങ്കുകളെയും പേയ്‍മെന്റ് സ്ഥാപനങ്ങളെയും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആഹ്വാനം ചെയ്തുകൊണ്ടുളള അറിയിപ്പാണ് വലിയതോതിലുളള മൂല്യത്തകർച്ചയ്ക്ക് ഇടയാക്കിയത്.

2017 ൽ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തിലൂടെ ക്രിപ്‍റ്റോ എക്സ്ചേഞ്ചുകൾ ചൈനയിൽ നിന്ന് ഫലപ്രദമായി പുറന്തള്ളപ്പെട്ടു, എന്നാൽ കൗണ്ടർ (ഒടിസി) പ്ലാറ്റ്ഫോമുകൾ ഇടനിലക്കാരായി പ്രവർത്തിക്കുകയും ചൈനയിൽ നിന്നുളള ആളുകളിൽ നിന്ന് പണം സ്വീകരിക്കുകയും അവർക്ക് വേണ്ടി ക്രിപ്റ്റോകറൻസികൾ വാങ്ങുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനീസ് സർക്കാർ ക്രിപ്റ്റോകറൻസികൾക്കെതിരായ പ്രചാരണം വർധിപ്പിച്ചിട്ടുണ്ട്, ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അഥവാ മന്ത്രിസഭ കഴിഞ്ഞ മാസം ബിറ്റ്കോയിൻ വ്യാപാരത്തിനും ഖനനത്തിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

click me!