എണ്ണ വില കൂപ്പുകുത്തി, ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തില്‍ ക്രൂഡ് വിപണി ഇടിഞ്ഞു

By Web TeamFirst Published Mar 12, 2020, 12:01 PM IST
Highlights

കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് അമേരിക്കയെ യാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്. 

മുംബൈ: അമേരിക്കന്‍ പ്രസിഡന്‍റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുളള യാത്ര വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കുകള്‍ ഇടിഞ്ഞു. യുകെ ഒഴികെയുള്ള യൂറോപ്പിൽ നിന്ന് യുഎസ്സിലേക്കുളള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതൽ 30 ദിവസത്തേക്ക് വിലക്കുന്നതായാണ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് നിക്ഷേപ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചു, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭാഗത്ത് നിന്നും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രഖ്യാപനങ്ങള്‍ ബിസിനസുകൾക്കും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ തടസ്സമുണ്ടാക്കുമെന്ന ഭയം ആഗോള തലത്തില്‍ വ്യാപിക്കാന്‍ ഇടയാക്കി.   

ഇതിനെത്തുടര്‍ന്ന് വെസ്റ്റ് ടെക്സാസ് ഇന്‍റര്‍മീഡിയറ്റ് (ഡബ്ല്യൂടിഐ) ക്രൂഡ് നിരക്കില്‍ 6.2 ശതമാനത്തിന്‍റെ ഇടിവുണ്ടായി. നിലവില്‍ ബാരലിന് 31 ഡോളറാണ് ഡബ്ല്യൂടിഐ ക്രൂഡിന്‍റെ നിരക്ക്. ബ്രന്‍റ് ക്രൂഡിന്‍റെ നിരക്കില്‍ 5.8 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില ബാരലിന് 34 ഡോളറാണ്.   

സൗദി അറേബ്യയും ഗൾഫ് പങ്കാളിയുമായ യുഎഇ വിലയുദ്ധം ശക്തമാക്കിയതിനെത്തുടർന്ന് ഒരു ദിവസം മുമ്പുതന്നെ ക്രൂഡിന് കനത്ത നഷ്ടം രേഖപ്പെടുത്തി. 

ഉല്‍പാദനം വെട്ടിക്കുറവിനെക്കുറിച്ച് മോസ്കോയുമായുള്ള വില യുദ്ധത്തെത്തുടർന്ന് റിയാദ് വിലയിലുണ്ടായ മാറ്റം ആഴ്ചയുടെ തുടക്കം മുതൽ ക്രൂഡ് വിപണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ് അമേരിക്കയെ യാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!