റബര്‍ വ്യാപാരം ഡിജിറ്റലാകുന്നു: ഫെബ്രുവരി മുതൽ പുതിയ സംവിധാനം; പദ്ധതിയെ കൂടുതൽ അടുത്തറിയാം

By Web TeamFirst Published Dec 3, 2020, 3:21 PM IST
Highlights

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരസ്പരം ആശയവിനിയം നടത്താനും സൗകര്യമുണ്ടാകും. സംവിധാനത്തിലൂടെയുളള റബറിന്റെ വിൽപ്പന സുതാര്യമാകാനാണിത്.

റബർ വ്യാപാരം ഓൺലൈനാക്കാൻ പദ്ധതിയുമായി റബർ ബോർഡ് രംഗത്ത്. 2021 ഫെബ്രുവരി മുതൽ ഓൺലൈൻ റബർ മാർക്കറ്റ് (ഇ -പ്ലാറ്റ്ഫോം) നിലവിൽ വരും. റബറിന്റെ വ്യാപാരത്തിനുളള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കാനുളള കരാർ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സൊല്യൂഷൻസിനാണ് നൽകിയിരിക്കുന്നത്.

കർഷകർക്ക് മെച്ചപ്പെട്ട വില, വ്യവസായികൾക്ക് ആവശ്യത്തിന് ഉൽപ്പന്നം എന്നിവ ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് റബ്ബർ ബോർഡിൻറെ പ്രതീക്ഷ. റബർ ബോർഡിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും വ്യാപാരം നടക്കുക. എന്നാൽ, ഡിജിറ്റൽ പ്ലാറ്റ്ഫോം വന്നാലും നേരിട്ടുളള വിൽപ്പന രീതി മാറ്റമില്ലാതെ തുടരുമെന്നും ബോർഡ് വ്യക്തമാക്കി. ഇ പ്ലാറ്റ്ഫോമിന് ഇതുവരെ പേരിട്ടിട്ടില്ല.

ഓൺലൈനായി നടക്കുന്ന വിൽപ്പനയിൽ റബറിന്റെ ഗുണനിലവാരം ബോർഡ് പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ കെ എൻ രാഘവൻ വ്യക്തമാക്കി. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ ഡിജിറ്റൽ മാർക്കറ്റിലെത്തി വ്യക്തികൾ റബർ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരസ്പരം ആശയവിനിയം നടത്താനും സൗകര്യമുണ്ടാകും. സംവിധാനത്തിലൂടെയുളള റബറിന്റെ വിൽപ്പന സുതാര്യമാകാനാണിത്.

അഡ്വാൻസ് വിൽപ്പന നടത്താം

ഉത്തരേന്ത്യയിൽ പച്ചക്കറി വ്യാപാരം നടത്താനുളള ഓൺലൈൻ പ്ലാറ്റ്ഫോം തയ്യാറാക്കാൻ കരാർ ലഭിച്ച കമ്പനിയാണ് ഐ സൊല്യൂഷൻസ്. ഓരോ കിലോ റബർ വിൽക്കുമ്പോഴും കമ്പനിക്ക് ആറ് പൈസ സർവീസ് ചാർജ് ഇനത്തിൽ ലഭിക്കും. കർഷകൻ തങ്ങളുടെ പക്കലുളള സ്റ്റോക്കും പ്രതീക്ഷിക്കുന്ന വിലയും പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യണം. കൂടുതൽ പേരിലേക്ക് വിവരം എത്താനും കർഷകർക്ക് വിലപേശി മെച്ചപ്പെട്ട വില നേടാനും ഇ സംവിധാനത്തിലൂടെ സാധിക്കും.

ഓരോ ദിവസവും എത്ര റബർ വിപണിയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ ഡേറ്റ സർക്കാരിന് ലഭിക്കാനും പ്ലാറ്റ്ഫോം സഹായകരമാകും. ഗുണമേന്മയുള്ള റബർ ആവശ്യത്തിന് കിട്ടുന്നില്ല എന്ന പരാതി വ്യവസായികളുടെയും വ്യാപാരികളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നതായാണ് ഈ മേഖലയിലുളള വിദഗ്ധർ അഭിപ്രായപ്പെ‌ടുന്നത്. ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ ഡിജിറ്റൽ വിപണി സഹായകരമാകും. അടുത്ത മാസങ്ങളിലേക്കുള്ള അഡ്വാൻസ് വിൽപ്പനയും പുതിയ പ്ലാറ്റ്ഫോമിലൂടെ നടത്താം. 

click me!