
മുംബൈ: ലോകത്തെ എമർജിങ് മാർക്കറ്റുകളുടെ പട്ടികയിൽ ഇന്ത്യ അഞ്ച് സ്ഥാനങ്ങൾ മുന്നേറി മൂന്നാമതെത്തി. പട്ടികയിൽ ചൈനയാണ് ഒന്നാമത്. ജനുവരിയിലെ കണക്കാണിത്. കയറ്റുമതിയിലെ വളർച്ച, വിലക്കയറ്റ നിരക്ക് താഴുന്നത്, തദ്ദേശീയ നിർമ്മാണ രംഗങ്ങളുടെ വളർച്ച തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ നില മെച്ചപ്പെടാൻ കാരണം.
ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 6.2 ശതമാനം വളർന്നു. കഴിഞ്ഞ വർഷം 27.45 ബില്യൺ ഡോളറായിരുന്നു കയറ്റുമതി. ലോകരാജ്യത്തെമ്പാടുമുള്ള ട്രെന്റിങിന്റെ ഭാഗമാണ് ഇന്ത്യയിലുണ്ടായ വളർച്ചയുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് നോമുറയിലെ ബിസിനസ് വിശകലന വിദഗ്ദ്ധർ.
ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യയും കയറ്റുമതിയിൽ വൻ നേട്ടമുണ്ടാക്കി. അവർക്ക് ജനുവരിയിൽ 12.2 ശതമാനം വളർച്ച നേടാനായി. ബ്രസീലിന് 2.2 ശതമാനം വളർച്ച നേടാനായി.
പട്ടികയിൽ ഒന്നാമതുള്ള ചൈനയ്ക്ക് 78 പോയിന്റാണ്. തുർക്കിയാണ് 67 പോയിന്റോടെ രണ്ടാമത്. ഇന്ത്യക്കൊപ്പം ഇന്തോനേഷ്യയും 60 പോയിന്റോടെ മൂന്നാമതാണ്. തായ്‌ലന്റ് 52, റഷ്യ 50, ബ്രസീൽ 49, മെക്സിക്കോ 41, ഫിലിപ്പൈൻസ് 39 എന്നിങ്ങനെയാണ് പട്ടികയിൽ ഇന്ത്യക്ക് പിന്നിലുള്ള മറ്റ് രാജ്യങ്ങൾ.