India GDP : ജിഡിപി 147.5 ലക്ഷം കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published : Feb 08, 2022, 07:28 PM IST
India GDP : ജിഡിപി 147.5 ലക്ഷം കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Synopsis

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ 2011-12 കാലത്ത് 27 കോടിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ കണക്ക് എടുത്തിട്ടില്ലെന്നും അതിനാല്‍ അക്കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

ദില്ലി : ഇന്ത്യയുടെ ജിഡിപി (GDP-മൊത്ത ആഭ്യന്തര ഉല്‍പാദനം) 2021-22 വര്‍ഷത്തില്‍ 147.5 ലക്ഷം കോടി രൂപ ആകുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി (Pankaj Choudhary) ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാനും ജിഡിപി വളര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ നിരവധി നീക്കങ്ങള്‍ നടത്തിയതായും മന്ത്രി പറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ജിഡിപി കഴിഞ്ഞ കാലങ്ങളില്‍ മികച്ച വളര്‍ച്ച നേടി.

2014-15 കാലത്ത് 105.3 ലക്ഷം കോടിയായിരുന്നു ജിഡിപി. 2020-21 ല്‍ 135.6 ലക്ഷം കോടി ആയെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ദാരിദ്ര്യ രേഖ്ക്ക് താഴെയുള്ളവര്‍ 2011-12 കാലത്ത് 27 കോടിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ കണക്ക് എടുത്തിട്ടില്ലെന്നും അതിനാല്‍ അക്കാര്യം വ്യക്തമാക്കാന്‍ കഴിയില്ലെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില ഉയര്‍ന്നേക്കാമെന്ന് വിലയിരുത്തല്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തരവിപണിയില്‍ വില ഉയര്‍ന്നിരുന്നില്ല. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് എണ്ണവില ബാരലിന് 69 ഡോളറായെങ്കിലും ഭീതി ഒഴിഞ്ഞതോടെ വീണ്ടും ഉയര്‍ന്ന് 93 ഡോളറിലെത്തി. അതിനിടെ ഉക്രെയിനും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങളും എണ്ണവിലയെ സ്വാധീനിച്ചു. പ്രധാന എണ്ണ ഉല്‍പാദകരായ റഷ്യയും പാശ്ചാത്ത്യ രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും വിലയെ ബാധിച്ചു. 

അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. നവംബറിന് ശേഷം 15 ശതമാനമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വര്‍ധനവുണ്ടാത്. ഇക്കാലയളവിലൊന്നും ഇന്ത്യയില്‍ വില ഉയര്‍ന്നിരുന്നില്ല. ഇന്ത്യയില്‍ എണ്ണവില നിയന്ത്രിക്കുന്നതിന് പിന്നില്‍ സാമ്പത്തികം മാത്രമല്ല രാഷ്ട്രീയ കാരണങ്ങളും കൂടിയുണ്ടെന്ന് ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ എക്കണോമിസ്റ്റ് സുനില്‍ സിന്‍ഹ പറഞ്ഞു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് ശേഷം അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കാത്തതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തര എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണവില വര്‍ധന പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നും അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എംകെ സുരാനയും സൂചന നല്‍കി.
 

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ