ഇന്ത്യയുടെ 2019 -20 വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് 4.2 ശതമാനം മാത്രം

By Web TeamFirst Published May 30, 2020, 5:26 PM IST
Highlights

2018-19 സാമ്പത്തിക വർഷത്തിൽ 6.1 ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായിരുന്നത്. 

ദില്ലി: 2019 -20 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി നിരക്ക് 4.2 ശതമാനം. മാർച്ചിൽ അവസാനിച്ച നാലാം പാദവാർഷികത്തിൽ ആകെ 3.1 ശതമാനം വളർച്ചയാണ് നേടാനായത്. ഇതോടെ 11 വർഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളർച്ചാ നിരക്കാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്.

2018 -19 സാമ്പത്തിക വർഷത്തിൽ 6.1 ശതമാനം വളർച്ചാ നിരക്കാണ് ഉണ്ടായിരുന്നത്. രാജ്യത്തെ എട്ട് അടിസ്ഥാന മേഖലകൾ 38.1 ശതമാനം ഏപ്രിൽ മാസത്തിൽ ചുരുങ്ങി. ലോക്ക്ഡൗണിൽ ഏറ്റവും വലിയ ആഘാതം സംഭവിച്ചത് സേവന മേഖലയ്ക്കാണ്, 55 ശതമാനം. വ്യാപാരം, ഹോട്ടൽ, ഗതാഗത മേഖലകളിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദവാർഷികത്തിൽ 2.6 ശതമാനം വളർച്ചയേ നേടാനായുള്ളൂ. സാമ്പത്തിക സേവനമേഖലയിൽ 2.4 ശതമാനം വളർച്ചയും നേടി.

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ ഇടിയുമെന്ന് നേരത്തെ കരുതിയിരുന്നതാണ്. സാമ്പത്തിക വിദഗ്ദ്ധർ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായിരിക്കുമെന്ന്  പ്രവചിച്ചിരുന്നു. കൊവിഡിനെ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിലും ഇന്ത്യ കനത്ത തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിൽ ഇനിയും ഇളവുകൾ നൽകാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
 

click me!