ബജറ്റിന് തൊട്ടുമുന്‍പ് തീരുമാനം; അനന്ത നാഗേശ്വരന്‍ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

By Web TeamFirst Published Jan 29, 2022, 12:26 AM IST
Highlights

അനന്ത നാഗേശ്വരന്‍ ഐഐഎം അഹമ്മദാബാദില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലും സിങ്കപ്പൂരിലുമായി ബിസിനസ് വിഷയത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു. 

ദില്ലി: സാമ്പത്തിക വിദഗ്ധന്‍ അനന്ത നാഗേശ്വരനെ (Anantha Nageswaran)  പ്രധാനമന്ത്രിയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി നിയമിത്തു. നേരത്തെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായിരുന്നു ഇദ്ദേഹം. കേന്ദ്ര ബജറ്റിനും (Union budget)  ഇക്കോണോമിക് സര്‍വേക്കും തൊട്ടുമുന്‍പാണ് തീരുമാനം. 
 
2021 ഡിസംബര്‍ 17 മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കെ വി സുബ്രഹ്മണ്യനായിരുന്നു ഇതിന് മുന്‍പ് ഈ സ്ഥാനം വഹിച്ചത്. അനന്ത നാഗേശ്വരന്‍ ഐഐഎം അഹമ്മദാബാദില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലും സിങ്കപ്പൂരിലുമായി ബിസിനസ് വിഷയത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു. 

കേരള സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറാണ്. ഐഎഫ്എംആര്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇക്കണോമിക് സര്‍വേ ഫലം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന് മുന്നില്‍ വെക്കും. 

15ാം ധനകാര്യ കമ്മീഷന്‍ തലവന്‍ എന്‍കെ സിങാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ തിരഞ്ഞെടുക്കാനുള്ള സമിതിക്ക് നേതൃത്വം കൊടുത്തത്. 12 ഓളം അപേക്ഷകളാണ് പാനലിന് മുന്നിലെത്തിയത്. നവംബര്‍ 15 നായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
 

click me!