സാമ്പത്തിക രംഗത്ത് വീണ്ടും തിരിച്ചടി; കയറ്റുമതി ഒക്ടോബറില്‍ 5.12 ശതമാനം ഇടിഞ്ഞു

By Web TeamFirst Published Nov 14, 2020, 11:34 PM IST
Highlights

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിങ് സാധനങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ കുറവാണ് തിരിച്ചടിക്ക് കാരണം.

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഒക്ടോബറില്‍ 5.12 ശതമാനം ഇടിഞ്ഞു. 24.89 ബില്യണ്‍ ഡോളറിനാണ് ഒക്ടോബറിലെ കയറ്റുമതി. കൊവിഡ് പ്രതിസന്ധിക്കിടെ സെപ്റ്റംബറില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിങ് സാധനങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ കുറവാണ് തിരിച്ചടിക്ക് കാരണം.

ട്രേഡ് ഡെഫിസിറ്റ് ഒക്ടോബറില്‍ 8.71 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. 2019 ഒക്ടോബറില്‍ ഇത് 11.75 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിയും ഇടിഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.53 ശതമാനമാണ് ഇറക്കുമതിയിലെ ഇടിവ്. 33.6 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഒക്ടോബറില്‍ ഇറക്കുമതി ചെയ്തത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 52 ശതമാനം ഇടിഞ്ഞു. കശുവണ്ടി 21.57 ശതമാനം, ആഭരണങ്ങള്‍ 21.27 ശതമാനം, ലെതര്‍ 16.67 ശതമാനം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ 9.4 ശതമാനം, സമുദ്രോല്‍പ്പന്നങ്ങള്‍ എട്ട് ശതമാനം എന്നിങ്ങനെയാണ് കയറ്റുമതിയില്‍ മറ്റ് മേഖലകളില്‍ രേഖപ്പെടുത്തിയ ഇടിവ്.


 

click me!