ക്രൂഡ് ഓയിൽ: സൗദി അറേബ്യയുമായി കൂട്ടുകെട്ട് വേണ്ടെന്ന നിലപാടിൽ ഇന്ത്യ; ഗയാനയുമായി കരാറിന് നീക്കം

By Web TeamFirst Published Apr 25, 2021, 7:10 PM IST
Highlights

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 25 ശതമാനം വർധനവാണ് ഇന്ത്യയിൽ ഇന്ധന ഉപഭോഗത്തിലുണ്ടായത്. 

ദില്ലി: ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താക്കളാണ് ഇന്ത്യ. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് ഇതുവരെ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയച്ചതെങ്കിൽ, ഇനി ഈ കൂട്ടുകെട്ട് വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയുമായി ദീർഘകാല കരാറിനാണ് ശ്രമം.

ക്രൂഡ് ഓയിൽ ഉൽപ്പാദകരുടെ നിരയിലേക്ക് പുതുതായി കടന്നുവരുന്ന രാജ്യമാണ് ഗയാന. തങ്ങളുടെ രാജ്യത്ത് ഉൽപ്പാദിപ്പിച്ച ഒരു ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കാർഗോ ഗയാന ഇന്ത്യയിലേക്ക് അയക്കും. ഗുണമേന്മാ പരിശോധനയുടെ കൂടി ഭാഗമായാണിത്. മികച്ച ഗുണനിലവാരമുള്ള ക്രൂഡ് ഓയിലാണ് ഗയാനയുടേതെങ്കിൽ ദീർഘകാലത്തുള്ള ക്രൂഡ് ഓയിൽ വിതരണ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 25 ശതമാനം വർധനവാണ് ഇന്ത്യയിൽ ഇന്ധന ഉപഭോഗത്തിലുണ്ടായത്. ആഗോള വിപണിയിലെ വലിയ മൂന്നാമത്തെ ഉപഭോക്താവ് എന്ന നിലയിൽ ക്രൂഡ് ഓയിൽ വില നിയന്ത്രിക്കാനുള്ള ഒരു ആയുധമായി കൂടിയാണ് ഗയാനയുമായുള്ള കരാറിനെ ഇന്ത്യ കാണുന്നത്.

ഒപെക് രാജ്യങ്ങളും അവരുടെ സഖ്യ രാഷ്ട്രങ്ങളും ഉൽപ്പാദനം വെട്ടിക്കുറച്ചത് ഇന്ധന വിപണിയിൽ വില വർധനവിന് കാരണമായിരുന്നു. ഇന്ത്യ ഇതിനെ തുറന്നെതിർത്തതുമാണ്. മെയ് മാസത്തിൽ 36 ശതമാനം ക്രൂഡ് ഓയിൽ സൗദിയിൽ നിന്ന് മാത്രം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വാങ്ങാൻ ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രസർക്കാർ സൗദി അറേബ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നിർദ്ദേശം നൽകിയത്.

ഈ മാസം ഇന്ത്യയിലെ സ്വകാര്യ റിഫൈനറിയായ എച്ച്പിസിഎൽ - മിത്തൽ എനർജി ലിമിറ്റഡ് ഗയാനയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇരു രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികൾ തമ്മിലാണ് ഇക്കാര്യത്തിൽ ചർച്ച നടന്നിരിക്കുന്നത്. ക്രൂഡ് ഓയിലിന്റെ വിലയെ കുറിച്ചുള്ള ചർച്ചകളിലാണ് ഇപ്പോൾ ഇന്ത്യ-ഗയാന സർക്കാരുകൾ. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വഴി സംസ്കരിച്ച് വിതരണം ചെയ്യും.

click me!