ഇന്ത്യ-ചൈന അതിർത്തി സംഘർഷം: ഗ്രേറ്റ് വാൾ മോട്ടോർ, എസ്എഐസി ഉൾപ്പടെ 45 നിക്ഷേപ നിർദേശങ്ങൾക്ക് അനുമതി നൽകിയേക്കും

By Web TeamFirst Published Feb 22, 2021, 5:18 PM IST
Highlights

രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുളള ചൈനയിൽ നിന്നുള്ള 150 ഓളം നിക്ഷേപ നിർദേശങ്ങളാണ് ഇത്തരത്തിൽ തടഞ്ഞുവച്ചിരിക്കുന്നത്. 

ദില്ലി: ചൈനയിൽ നിന്നുളള 45 നിക്ഷേപ നിർദേശങ്ങൾക്ക് ഇന്ത്യ അനുമതി നൽകാൻ സാധ്യത. ഗ്രേറ്റ് വാൾ മോട്ടോർ, എസ്എഐസി മോട്ടോർ കോർപ്പറേഷൻ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുമെന്ന് സർക്കാർ, വ്യവസായ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് നിക്ഷേപം നിയന്ത്രിക്കുന്നത് ഇന്ത്യ കർശനമാക്കിയതിനെത്തുടർന്ന് മുടങ്ങിക്കിടന്നവയ്ക്കാണ് അനുമതി നൽകുന്നതെന്നാണ് റിപ്പോർട്ട്. അതിർത്തി സംഘർഷങ്ങളിൽ അയവ് വന്നതിനെ തുടർന്നാണിതെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുളള ചൈനയിൽ നിന്നുള്ള 150 ഓളം നിക്ഷേപ നിർദേശങ്ങളാണ് ഇത്തരത്തിൽ തടഞ്ഞുവച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രാലയതല പാനലാണ് നിലവിൽ നിക്ഷേപ നിർദേശങ്ങളുടെ സൂക്ഷ്മപരിശോധന നടത്തുന്നത്. ജപ്പാനിൽ നിന്നുള്ള കമ്പനികളും ഹോങ്കോങ്ങിലൂടെ യുഎസ് റൂട്ടിംഗ് നിക്ഷേപവും ഇത്തരത്തിൽ പരിശോധനകളിലാണ്. 

നിലവിൽ അംഗീകാരത്തിനായി പരി​ഗണിച്ചിരിക്കുന്ന 45 നിക്ഷേപ നിർദേശങ്ങളിൽ ഭൂരിഭാഗവും ഉൽപാദന മേഖലയിലാണെന്ന് പട്ടിക കണ്ട രണ്ട് ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു, ഇത് ദേശീയ സുരക്ഷയുടെ കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കാത്തവയായാണ് കണക്കാക്കുന്നത്.

click me!