രാജ്യം ഇരട്ടയക്ക വളർച്ച നേടിയെടുക്കും, എൽഐസി ഓഹരി വിൽപ്പനയിലൂടെ ഒരു ട്രില്യൺ രൂപ സമാഹരിക്കാനാകും: സിഇഎ

By Web TeamFirst Published Mar 27, 2021, 8:23 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവൽക്കരണ നടപടിയിൽ ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയും സർക്കാർ വിൽക്കുന്നു.

2021-22ൽ 1.75 ട്രില്യൺ രൂപയുടെ പൊതുമേഖല ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാനാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കെ വി സുബ്രഹ്മണ്യൻ പറഞ്ഞു. എൽഐസി പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) തന്നെ സർക്കാരിന് ഒരു ട്രില്യൺ രൂപ നേടാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ലക്ഷ്യമിടുന്ന ചില്ലറ പണപ്പെരുപ്പ പരിധിക്കനുസരിച്ച് പണപ്പെരുപ്പത്തിന്റെ ചാഞ്ചാട്ടം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 മാർച്ച് 31 വരെ വാർഷിക പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ റിസർവ് ബാങ്കിന്റെ ധനനയ സമിതി നിർദേശം നൽകിയിട്ടുണ്ട്, ഉയർന്ന പരിധി ആറ് ശതമാനവും താഴ്ന്ന പരിധി രണ്ട് ശതമാനവുമാണ്.

2021-22 സാമ്പത്തിക വർഷത്തെ 1.75 ട്രില്യൺ രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം, യഥാർത്ഥത്തിൽ മാർച്ച് 31 ന് അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള 2.10 ട്രില്യൺ രൂപയുടെ ലക്ഷ്യം അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടി നീട്ടിയതാണെന്ന് ജന സ്മോൾ ഫിനാൻസ് ബാങ്കിന്റെ വെർച്വൽ കോൺഫറൻസിൽ സംസാരിച്ച സുബ്രഹ്മണ്യൻ പറഞ്ഞു 

“ഇതിൽ, ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണവും എൽഐസി ലിസ്റ്റിംഗും ലക്ഷ്യത്തിലേക്ക് പ്രധാന സംഭാവന നൽകും. 75,000-80,000 കോടി രൂപയോ അതിലും ഉയർന്ന തുകയോ ബിപിസിഎല്ലിന്റെ സ്വകാര്യവൽക്കരണത്തിൽ നിന്ന് ലഭിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എൽഐസി ഐപിഒയ്ക്ക് ഏകദേശം ഒരു ട്രില്യൺ രൂപ കൊണ്ടുവരാൻ കഴിയും," അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവൽക്കരണ നടപടിയിൽ ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയും സർക്കാർ വിൽക്കുന്നു. വേദാന്ത ഗ്രൂപ്പും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയർ ക്യാപിറ്റലിന്റെ ഇന്ത്യൻ യൂണിറ്റ് തിങ്ക് ഗ്യാസ് എന്നിവ സർക്കാരിന്റെ ഓഹരി വാങ്ങുന്നതിനുള്ള താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 

എൽ ഐ സിയുടെ ലിസ്റ്റിംഗുമായി ബന്ധപ്പെട്ട്, ഈ ആഴ്ച ആദ്യം പാർലമെന്റിൽ ധനകാര്യ ബിൽ 2021 വഴി എൽഐസി നിയമത്തിൽ സർക്കാർ ഇതിനകം ഭേദഗതികൾ വരുത്തി.

“പൊതുമേഖല ഓഹരി വിൽപ്പന ലക്ഷ്യം കൈവരിക്കാനാകുന്നതാണ്, കാരണം ഇവയിൽ പലതിലും നടപടികൾ ആരംഭിച്ചു, അവ 2022 സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും,” അദ്ദേഹം പറഞ്ഞു.

സർക്കാർ ബിസിനസ്സിൽ ഏർപ്പെടില്ലെന്നും, നാല് തന്ത്രപരമായ മേഖലകളിലെ കുറച്ച് സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വളർച്ചാ സാധ്യതകൾ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് വളരെയധികം ബാങ്കുകൾ ആവശ്യമാണെന്നും സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മൂന്നിലൊന്ന് ജനസംഖ്യയുള്ള അമേരിക്കയിൽ 25,000-30,000 ബാങ്കുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷം സമ്പദ് വ്യവസ്ഥ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തും. 2022-23 കാലയളവിൽ ഇത് 6.5-7 ശതമാനമായും അതിനുശേഷം 7.5-8 ശതമാനമായും മിതമായ അളവിൽ എത്തുമെന്ന് സർക്കാരിന്റെ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളുടെ സഹായത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

click me!