ഈ വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 12 ശതമാനമായി കുതിച്ചുയരും: അന്താരാഷ്ട്ര ഏജൻസി മൂഡീസ് അനലിറ്റിക്സ്

By Web TeamFirst Published Mar 18, 2021, 11:49 PM IST
Highlights

സെപ്റ്റംബർ പാദത്തിലെ 7.5 ശതമാനം സങ്കോചത്തിന് പിന്നാലെ ഡിസംബർ പാദത്തിൽ ജിഡിപി നിരക്ക് 0.4 ശതമാനം വളർച്ച നിരക്കിലേക്ക് ശക്തിപ്പെട്ടതിനെ തുടർന്ന് ഇന്ത്യയുടെ ദീർഘകാല സാധ്യതകൾ കൂടുതൽ അനുകൂലമായി. 

ദില്ലി: മൂഡീസ് അനലിറ്റിക്സ് വ്യാഴാഴ്ച ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 2021 കലണ്ടർ വർഷത്തിൽ 12 ശതമാനമായി ഉയർത്തി. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ദീർഘകാല സാധ്യതകൾ കൂടുതൽ അനുകൂലമായി മാറിയെന്ന് റേറ്റിം​ഗ് ഏജൻസി കണക്കാക്കി. ഇതിനെ തുടർന്നാണ് നേരത്തെ കണക്കാക്കിയ ഒമ്പത് ശതമാനത്തിൽ നിന്ന് ജിഡിപി വളർച്ചാ നിരക്ക് ഏജൻസി ഉയർത്തിയത്. എന്നാൽ, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലിന്റെ പ്രധാന അപകടസാധ്യതയായി കൊവിഡ് -19 ന്റെ രണ്ടാം തരം​ഗം തുടരുന്നതായും മൂഡീസ് കണക്കാക്കുന്നു.

"സെപ്റ്റംബർ പാദത്തിലെ 7.5 ശതമാനം സങ്കോചത്തിന് പിന്നാലെ ഡിസംബർ പാദത്തിൽ ജിഡിപി നിരക്ക് 0.4 ശതമാനം വളർച്ച നിരക്കിലേക്ക് ശക്തിപ്പെട്ടതിനെ തുടർന്ന് ഇന്ത്യയുടെ ദീർഘകാല സാധ്യതകൾ കൂടുതൽ അനുകൂലമായി. നിയന്ത്രണങ്ങൾ ലഘൂകരിച്ചത് മുതൽ ആഭ്യന്തരവും ബാഹ്യവുമായ ആവശ്യകത മെച്ചപ്പെട്ടു, ഇത് അടുത്ത മാസങ്ങളിൽ ഉൽപ്പാദനം മെച്ചപ്പെടാൻ കാരണമായി, ”മൂഡീസ് അനലിറ്റിക്സ് റിപ്പോർട്ട് പറയുന്നു.

മിക്ക പ്രൊഫഷണൽ സ്ഥാപനങ്ങളും ഇന്ത്യയ്ക്ക് അടുത്ത സാമ്പത്തിക വർഷം ഇരട്ട അക്ക വളർച്ച പ്രതീക്ഷിക്കുന്നു, ഇത് വി ആകൃതിയിലുള്ള വീണ്ടെടുക്കലിനേക്കാൾ മികച്ച മുന്നേറ്റമായിരിക്കും.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) കഴിഞ്ഞയാഴ്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രവചിച്ചിരുന്നു. ജി 20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കായ 12.6 ശതമാനവുമായി (അടുത്ത സാമ്പത്തിക വർഷം) ഇന്ത്യ കുതിച്ചുയരും എന്നാണ് ഏജൻസി കണക്കാക്കുന്നത്. മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അതിന്റെ സഹോദര സംഘടനയായ മൂഡീസ് അനലിറ്റിക്സിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

click me!