ധനസഹായം നേരിട്ട് കൈമാറില്ല, പ്രഖ്യാപിച്ചത് വായ്പാ പദ്ധതികൾ; രണ്ടാം ഘട്ട കൊവിഡ് പാക്കേജിൽ ഒമ്പത് ഇന പദ്ധതികൾ

By Web TeamFirst Published May 14, 2020, 6:17 PM IST
Highlights

ആത്മനിര്‍ഭര്‍ ഭാരത് ആശ്വാസം പദ്ധതികളുടെ ഭാ​ഗമായി രാജ്യത്ത് അടുത്ത രണ്ടു മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. 

ദില്ലി: അതിഥി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ചെറുകിട വ്യവസായം, കർഷിക മേഖല എന്നിവയ്ക്കായി ഒമ്പത് ഇന ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പാക്കേജിന്റെ രണ്ടാം ഘട്ടത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഒമ്പത് ഇന പ്രഖ്യാപനങ്ങൾ നടത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് കാലാവധി മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി. 

പ്രഖ്യാപിച്ച പദ്ധതികൾക്കായുളള ധനസമാഹരണ മാർ​ഗങ്ങളെക്കുറിച്ച് ഇന്നും ധനമന്ത്രി വ്യക്തമാക്കിയില്ല. ധനസഹായ പദ്ധതികളിൽ മിക്കവയും ബാങ്കുകളിലൂടെ / ധനകാര്യ സ്ഥാപനങ്ങളിലൂടെ വായ്പയായി കൈമാറുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്.  

ആത്മനിര്‍ഭര്‍ ഭാരത് ആശ്വാസം പദ്ധതികളുടെ ഭാ​ഗമായി രാജ്യത്ത് അടുത്ത രണ്ടു മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഈ വർഷം ആ​ഗസ്റ്റോടെ 'ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി' ആരംഭിക്കും. ഇതോടെ രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും വ്യക്തികൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയും. പദ്ധതി 2021 മാർച്ചോടെ പദ്ധതി സമ്പൂർണമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എട്ട് കോടി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണത്തിനായി 3,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കിവച്ചിരിക്കുന്നത്.   

മുദ്രാ വായ്പകൾക്ക് 1500 കോടി രൂപ പലിശ ഇളവ് നൽകും. 50,000 രൂപ വരെ വായ്പ എടുത്തവർക്കാണ് ഇളവ്. ഇത് ചെറിയ തുക വായ്പയായി എടുത്ത സംരംഭകർക്ക് ​ഗുണകരമാകും. പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ ഏർപ്പെടുത്തും. അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ ഉറപ്പാക്കും. 

ദേശീയ അടിസ്ഥാന വേതനമെന്ന സങ്കൽപം പ്രാവർത്തികമാക്കും. ഇപ്പോൾ നിലനിൽക്കുന്ന കൂലി/ വേതന വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ നിയമ ഭേദ​ഗതി കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഫിഷറീസ്, മൃ​ഗ സംരക്ഷണം എന്നീ മേഖലയിലെ കർഷകരെ കൂടി ഉൾപ്പെടുത്തി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വിപുലീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതോടെ കിസാൻ ക്രെഡിറ്റ് കാർഡ് ആനുകൂല്യം ലഭിക്കുന്ന വിഭാ​ഗങ്ങളുടെ എണ്ണം വർധിക്കും. 

പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം ഏർപ്പെടുത്തും. സർക്കാരിന്റെ ഭവന പദ്ധതികൾ പരിവർത്തനപ്പെടുത്തിയാകും ഇത് സാധ്യമാക്കുക. വ്യവസായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇത്തരം പദ്ധതികൾ ഏറ്റെടുക്കാം.

നബാര്‍ഡ് സഹകരണ ബാങ്കുകള്‍ വഴി മുപ്പതിനായിരം കോടിയുടെ കാര്‍ഷിക വായ്പാ സഹായം നല്‍കും. ഹൗസിങ് മേഖലയില്‍ എഴുപതിനായിരം കോടിയുടെ നിക്ഷേപത്തിന് സാഹചര്യമൊരുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഹൗസിങ് മേഖലയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് സിഎല്‍എസ്എസ് പദ്ധതി മാര്‍ച്ച് 2021 വരെ ദീര്‍ഘിപ്പിച്ചു. 2.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വഴിയോര കച്ചവടക്കാര്‍ക്ക് അയ്യായിരം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

എന്നാൽ, വഴിയോര കച്ചവടക്കാർ, മറ്റ് പ്രതിസന്ധി അനുഭവിക്കുന്ന വിഭാ​ഗങ്ങൾ എന്നിവർക്ക് നേരിട്ട് പണം കൈമാറാതെ ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ വായ്പയായി കൈമാറുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വായ്പകൾ നൽകുന്നതിൽ ബാങ്കുകൾക്ക് കൂടി തീരുമാനമെടുക്കാമെന്നതിനാൽ ​ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ തടസ്സം നേരിടുമോ എന്ന ആശങ്കയും ധനകാര്യ വിദ​ഗ്ധർ പങ്കുവയ്ക്കുന്നു. റേഷൻ കാർഡ് സംവിധാനത്തിലൂടെ ആനുകൂല്യ വിതരണം ചെയ്യുമ്പോൾ കുടുംബത്തിൽ നിന്ന് മാറി താമസിക്കുന്നവർക്ക് ​പ്രയോജനം ലഭിക്കാതിരിക്കാനുളള സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു.

മു​ദ്ര വായ്പ എടുത്തവർക്കുളള ആനുകൂല്യങ്ങൾ പദ്ധതിയുടെ ശിശു വിഭാ​ഗത്തിൽ ഉൾപ്പെടുന്ന വായ്പകളിലേക്ക് മാത്രമായാണ് സർക്കാർ ചുരുക്കിയിരിക്കുന്നത്. ഇത് പ്രകാരം 50,000 രൂപയ്ക്ക് മുകളിൽ വായ്പയെടുത്തവർക്ക് ആശ്വാസ പദ്ധതിയുടെ ​ഗുണം ലഭിക്കില്ല.  

click me!