റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തില്ലെന്ന് സൂചന: ധനനയ അവലോകന യോ​ഗം ആ​ഗസ്റ്റ് നാലിന്

By Web TeamFirst Published Aug 2, 2020, 11:08 PM IST
Highlights

റിസർവ് ബാങ്ക് ഗവർണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഓഗസ്റ്റ് നാലിനാണ് യോ​ഗം ചേരാനിരിക്കുന്നത്. 

മുംബൈ: ആ​ഗസ്റ്റിൽ നടക്കാനിരിക്കുന്ന ധനനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് സൂചന. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ധനനയ സമിതി, പുതിയ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്ന തരത്തിലുളള നയപരമായ പദ്ധതികൾക്ക് രൂപം നൽകിയേക്കാമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

റിസർവ് ബാങ്ക് ഗവർണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) ഓഗസ്റ്റ് നാലിനാണ് യോ​ഗം ചേരാനിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ആഗസ്റ്റ് ആറിന് ധനനയം പ്രഖ്യാപിക്കും.  

“ഓഗസ്റ്റ് നിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിന് നിലവിലെ സാഹചര്യങ്ങളിലും തുടർന്നും പാരമ്പര്യേതര നയപരമായ നടപടികൾ എന്തൊക്കെയാണ് ആവശ്യമെന്ന് എം‌പി‌സിക്ക് നന്നായി ചർച്ചചെയ്യാനാകുമെന്ന് വിശ്വസിക്കുന്നു,” എസ്‌ബി‌ഐ ഗവേഷണ റിപ്പോർട്ട്- ഇക്കോറാപ്പ് പറയുന്നു.

കൊവിഡ് -19 പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള ലോക്ക്ഡൗണുകൾ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്ര ബാങ്ക് നേരത്തെ പലിശ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് അന്തരീക്ഷവും വളർച്ചയെ സംബന്ധിച്ച ആശങ്കകളും എം‌പി‌സിയുടെ ഓഫ്-സൈക്കിൾ യോ​ഗങ്ങൾ അനിവാര്യമാക്കി. മാർച്ചിലും മെയിലുമായി നടന്ന എം‌പി‌സി യോ​ഗങ്ങളിലൂടെ റിപ്പോ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നു. മാംസം, മത്സ്യം, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ നിരക്ക് ജൂണിൽ 6.09 ശതമാനമായി ഉയർന്നു. നാണയപ്പെരുപ്പം നാല് ശതമാനം നിലനിർത്താൻ സർക്കാർ റിസർവ് ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

click me!