ബാങ്കുകളുടെ കിട്ടാക്കട അനുപാതം 12 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാം: ആർബിഐ

By Web TeamFirst Published Jul 25, 2020, 10:53 PM IST
Highlights

കഴിഞ്ഞ മാർച്ചിൽ കിട്ടാക്കട അനുപാതം 8.5 ശതമാനം ആയിരുന്നു.

മുംബൈ: ഇന്ത്യയിലെ ബാങ്കുകളിലെ കിട്ടാക്കട അനുപാതം അടുത്ത മാർച്ച് ആകുന്നതോടെ ആകെ വായ്പയുടെ 12.5 ശതമാനമായി ഉയരാമെന്ന് റിസർവ് ബാങ്ക്. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തിക സ്ഥിരത റിപ്പോർട്ടിലാണ് ഇത്തരത്തിൽ ബാങ്കിങ് മേഖലയ്ക്ക് ആശങ്ക വർധിപ്പിക്കുന്ന പരാമർശമുളളത്. 

കഴിഞ്ഞ മാർച്ചിൽ കിട്ടാക്കട അനുപാതം 8.5 ശതമാനം ആയിരുന്നു. എന്നാൽ, സമ്പദ്‍വ്യവസ്ഥയിൽ പ്രതികൂലമായ സാഹചര്യങ്ങളു‌ടെ സ്വാധീനം വർധിച്ചാൽ ഈ അനുപാതം ഇനിയും ഉയർന്നേക്കാമെന്നും റിസർവ് ബാങ്ക് കണക്കാക്കുന്നു. 

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴേക്ക് പോകുക, ധനക്കമ്മി വർധിക്കുക, വിലക്കയറ്റത്തോത് നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് പോകുന്ന സാഹചര്യം ഉടലെട‌ുക്കുക തുടങ്ങിയവ സംഭവിച്ചാൽ കിട്ടക്കട അനുപാതം 14.7 ശതമാനം വരെ ഉയർന്നേക്കാമെന്നും റിസർവ് ബാങ്ക് കണക്കാക്കുന്നു. 

കൊവിഡ്​- 19 നെ തുടർന്ന്​ സമ്പദ്​ വ്യവസ്​ഥ മന്ദഗതിയിലാകുകയും ലോക്​ഡൗൺ സൂക്ഷമ- ചെറുകിട- ഇടത്തരം വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുകയും നിരവധി പേർക്ക്​ തൊഴിൽ നഷ്​ടം സംഭവിക്കുകയും ചെയ്​ത സാഹചര്യത്തിലാണ്​ റിസർവ്​ ബാങ്കി​ന്റെ ഈ പ്രതികരണം. 

click me!