
രാജ്യത്തെ കറൻസിയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഒരു പതിറ്റാണ്ട് മുൻപ് പാതി വഴിയിൽ ഉപേക്ഷിച്ച ഒരു പദ്ധതി തിരികെ പൊടി തട്ടിയെടുക്കൽ അണിയറയിൽ നടക്കുകയാണ്. 'പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ' പുറത്തിറക്കാൻ വീണ്ടും ശ്രമിക്കുകയാണ് ആർബിഐ. ഇതിന്റെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നതും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതുമായ 10, 20 രൂപ നോട്ടുകളാകും ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ രൂപത്തിൽ പുറത്തിറക്കുക.
സാധാരണ പേപ്പർ നോട്ടുകൾ കോട്ടൺ, ലിനൻ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെങ്കിൽ, പോളിമർ നോട്ടുകൾ നിർമ്മിക്കുന്നത് 'ബൈയാക്സിലി ഓറിയന്റഡ് പോളിപ്രൊപ്പിലീൻ' (BOPP) എന്ന പ്രത്യേക തരം പ്ലാസ്റ്റിക് ഫിലിം ഉപയോഗിച്ചാണ്. സാധാരണ നോട്ടുകളെപ്പോലെ തന്നെ ഭാരക്കുറവുള്ളതും മടക്കാൻ കഴിയുന്നതുമാണ് ഇവ. ഇനി ഇവ കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ നോക്കാം.
ഈടുനിൽക്കും: പേപ്പർ നോട്ടുകളേക്കാൾ 2 മുതൽ 4 മടങ്ങ് വരെ കൂടുതൽ കാലം ഇവ കേടുപാടുകൂടാതെ ഇരിക്കും. സാധാരണ നോട്ടുകൾ ഒന്നര- രണ്ട് വർഷം കൊണ്ട് നശിക്കുമ്പോൾ, പോളിമർ നോട്ടുകൾ 7 വർഷത്തിലധികം ഈടുനിൽക്കും.
വെള്ളവും കറയും : പൂർണ്ണമായും വാട്ടർപ്രൂഫ് ആയതിനാൽ മഴയത്തോ അലക്കുമ്പോഴോ ഇവ നശിക്കില്ല. ചെളിയും എണ്ണമയവും ഇവയിൽ പിടിക്കില്ല.
കള്ളനോട്ട് തടയാം: അത്യാധുനിക ഹോളോഗ്രാമുകൾ ഉൾപ്പെടെ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കള്ളനോട്ടുകൾ എത്തുന്നത് തടയാൻ സഹായിക്കും.
പരിസ്ഥിതിക്ക് അനുയോജ്യം: നശിച്ചുപോയ നോട്ടുകൾ റീസൈക്കിൾ ചെയ്ത് മറ്റ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കും.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാണെങ്കിലും കറൻസിയുടെ ഉപയോഗം വർധിച്ചുവരികയാണ്. ഇതാണ് പുതിയ നീക്കത്തിന് ആർബിഐയെ പ്രേരിപ്പിച്ചത്. ചില പ്രധാന കണക്കുകളാണ്. 2026 മാർച്ച് അവസാനത്തോടെ രാജ്യത്ത് വിനിമയത്തിലുള്ള ആകെ കറൻസി 41.23 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് 11.8% ന്റെ വർധനവാണിത്. നോട്ടുകൾ അച്ചടിക്കുന്നതിനായി മാത്രം 2025 സാമ്പത്തിക വർഷത്തിൽ ആർബിഐ ചിലവഴിച്ചത് 6,372.8 കോടി രൂപയാണ്. എന്നാൽ 2026 ൽ വലിയ നോട്ടുകളുടെ അച്ചടിക്ക് മുൻഗണന നൽകിയതോടെ ഇത് 4,875.2 കോടിയായി കുറഞ്ഞു. കറൻസി അഴുക്കാവുന്നതും കീറുന്നതും വഴി 2025 സാമ്പത്തിക വർഷത്തിൽ മാത്രം 2,380 കോടി നോട്ടുകളാണ് ആർബിഐ വിപണിയിൽ നിന്ന് പിൻവലിച്ച് നശിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും 500, 100 രൂപ നോട്ടുകളായിരുന്നു. ഈ ഭീമമായ അച്ചടി ചെലവും നോട്ടുകൾ നശിച്ചുപോകുന്നതും ഒഴിവാക്കാൻ പോളിമർ നോട്ടുകൾക്ക് സാധിക്കും. അച്ചടി ചെലവ് കൂടുതലാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമാണെന്നാണ് ആർബിഐ പറയുന്നത്.
ചരിത്ര പരീക്ഷണങ്ങൾ
ഇന്ത്യയിൽ 2012ൽ അഞ്ച് നഗരങ്ങളിലായി 10 രൂപയുടെ 100 കോടി പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിരുന്നു. എന്നാൽ പ്ലാസ്റ്റിക് നോട്ടുകളുടെ കനം കാരണം അന്ന് എടിഎം മെഷീനുകൾ തകരാറിലായതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അത്തരം സാങ്കേതിക തടസങ്ങൾ പരിഹരിച്ചാകും പോളിമർ നോട്ടുകളുടെ പുതിയ വരവ്.
ലോകത്താദ്യമായി 1980-കളിൽ ഹെയ്തി, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങൾ 'ടൈവെക്' (Tyvek) എന്ന പ്ലാസ്റ്റിക് മെറ്റീരിയൽ ഉപയോഗിച്ച് നോട്ടിറക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് 1988-ൽ ഓസ്‌ട്രേലിയയാണ് ആധുനിക പോളിമർ നോട്ടുകൾ വിജയകരമായി പുറത്തിറക്കിയത്. 1996-ഓടെ ഓസ്‌ട്രേലിയ കറൻസി പൂർണ്ണമായും പ്ലാസ്റ്റിക്കാക്കി മാറ്റി. 2016-ൽ ബ്രിട്ടൻ വിൻസ്റ്റൺ ചർച്ചിലിന്റെ ചിത്രം പതിച്ച 5 പൗണ്ടിന്റെ പോളിമർ നോട്ട് പുറത്തിറക്കിയപ്പോൾ അതിന് പ്ലാസ്റ്റിക്കിന്റെയും മറ്റഅ രാസ വസ്തുക്കളുടെയും മണമുണ്ടെന്ന് പറഞ്ഞ് ജനങ്ങൾ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.