Latest Videos

രൂപ കുന്നുകൂടുന്നു, ദിർഹവും ഡോളറും വേണ്ട; ചൈനീസ് കറൻസി നൽകണമെന്ന് റഷ്യൻ ഓയിൽ കമ്പനികൾ, മറുപടിയുമായി ഇന്ത്യ

By Web TeamFirst Published Oct 20, 2023, 7:10 PM IST
Highlights

റഷ്യയ്ക്ക് അധികമായി ഇന്ത്യൻ കറൻ‍സിയായ രൂപയുടെ ശേഖരമുണ്ട്. അതുകൊണ്ടു തന്നെ രൂപ ചെലവഴിക്കാൻ റഷ്യൻ കമ്പനികൾ പാടുപെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ദില്ലി: ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചൈനീസ് കറൻസിയായ യുവാൻ നൽകണമെന്ന റഷ്യൻ എണ്ണ വിതരണ കമ്പനികളുടെ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. ചർച്ചകളിൽ നേരിട്ട് പങ്കെടുത്ത മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥനെയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയിലെ ഉദ്യോ​ഗസ്ഥനെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചില റഷ്യൻ എണ്ണ വിതരണ കമ്പനികൾ യുവാൻ നൽകണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. വളരെ രഹസ്യമായാണ് ചർച്ചകൾ നടന്നത്. റഷ്യൻ കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ അം​ഗീകരിക്കില്ല. ഇന്ത്യയിലെ റിഫൈനറുകളിൽ ഏകദേശം 70 ശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ളതായതിനാൽ ധനമന്ത്രാലയത്തിൽ ചട്ടപ്രകാരം മാത്രമാണ് വിദേശ വിനിമയം സാധ്യമാകൂ. 

ഏറ്റവും വലിയ സംസ്ഥാന റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുമ്പ് റഷ്യൻ ക്രൂഡിനായി ചൈനീസ് കറൻസിയായ യുവാൻ നൽകിയിരുന്നെങ്കിലും സർക്കാർ ഇടപെട്ടു. സ്വകാര്യ റിഫൈനർമാർക്കും യുവാനിൽ വിനിമയം നടത്താമെങ്കിലും ഔദ്യോ​ഗിക രേഖകളിൽ ഉൾപ്പെടില്ല. അതേസമയം, റഷ്യയ്ക്ക് അധികമായി ഇന്ത്യൻ കറൻ‍സിയായ രൂപയുടെ ശേഖരമുണ്ട്. അതുകൊണ്ടു തന്നെ രൂപ ചെലവഴിക്കാൻ റഷ്യൻ കമ്പനികൾ പാടുപെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇറക്കുമതിക്കായി റഷ്യ  കൂടുതൽ ചൈനയെ ആശ്രയിക്കുന്നതിനാൽ യുവാനിന്റെ ആവശ്യം കഴിഞ്ഞ വർഷം കുത്തനെ ഉയർന്നു.

റഷ്യൻ കമ്പനികൾ കൂടുതൽ വിനിമയം നടത്തുന്നത് യുവാനിലാണ്.  ഈ വർഷം റഷ്യയിൽ യുഎസ് ഡോളറിനെ പിന്തള്ളി ചൈനീസ് കറൻസിയിലാണ് കൂടുതൽ വ്യാപാരം നടന്നത്. ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളറിന് മുകളിലാണെങ്കിൽ, ഇന്ത്യൻ റിഫൈനർമാർ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതിക്ക് ദിർഹമും യുഎസ് ഡോളറുമാണ് നൽകുന്നത്. ചെറിയ രീതിയിൽ യുവാനും നൽകിയിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വിതരണക്കാർ എണ്ണ വ്യാപാരത്തിന്റെ പ്രധാന ഇടപാട് ചൈനീസ് കറൻസി ആയിരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ നിരസിച്ചതായി മുതിർന്ന  ഉദ്യോഗസ്ഥൻ പറഞ്ഞു. നാണയം സംബന്ധിച്ച തർക്കമുണ്ടായതിനെ തുടർന്ന് നാലോ അഞ്ചോ ചരക്കുകളുടെ ഇടപാട് അടുത്തിടെ വൈകിയതായും റിപ്പോർട്ടുകളിൽ പറയുന്നു. 

Read More... ഇന്ത്യയിലേക്കൊഴുകി റഷ്യന്‍ എണ്ണ; ഇറക്കുമതി ഉയർത്താനുള്ള കാരണം ഇതാണ്

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പട്ടതോടെ കോടിക്കണക്കിന് ഇന്ത്യൻ രൂപയാണ് റഷ്യയുടെ പക്കലുള്ളത്. രൂപ അന്താരാഷ്ട്ര തലത്തിൽ വിനിമയ സാധ്യത കുറവായതിനാൽ റഷ്യ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മേയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ റിഫൈനർമാർ യുവാനേക്കാൾ യുഎഇ ദിർഹം ഉപയോഗിക്കണമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, റഷ്യയിലെ എണ്ണ വിതരണക്കാർ യുഎഇയുടെ കറൻസി ഉപയോഗിക്കുന്നതിന് അനുകൂലമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

click me!