ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ​ഗവർണർ നാളെ സ്ഥാനമൊഴിയും: രാജ്യം ​ഗുരുതര ധനപ്രതിസന്ധിയിൽ; ഭക്ഷ്യധാന്യത്തിന് ക്ഷാമം

Web Desk   | Asianet News
Published : Sep 13, 2021, 04:43 PM ISTUpdated : Sep 13, 2021, 05:32 PM IST
ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ​ഗവർണർ നാളെ സ്ഥാനമൊഴിയും: രാജ്യം ​ഗുരുതര ധനപ്രതിസന്ധിയിൽ; ഭക്ഷ്യധാന്യത്തിന് ക്ഷാമം

Synopsis

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പിന്തുണ തേടാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് കൂടുതൽ ചൈനയെ ആശ്രയിക്കുകയെന്ന നയം സർക്കാർ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. 

ദക്ഷിണേഷ്യൻ ദ്വീപ് രാജ്യമായ ശ്രീലങ്കയുടെ ദുർബലമായ വിദേശനാണ്യ ശേഖരം ചരക്ക് ഇറക്കുമതി ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തെ ആശങ്കയിലാക്കുന്ന മറ്റൊരു പ്രഖ്യാപനം കൂടി അടുത്തിടെ ഉണ്ടായി. സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവർണർ വെലിഗാമേജ് ഡോൺ ലക്ഷ്മണിന്റെ (ഡബ്ല്യു ഡി ലക്ഷ്മൺ) രാജി പ്രഖ്യാപനമായിരുന്നു അത്. 

​ഗു​രുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ രാജി. രാജി പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയതോതിൽ ചർച്ചയായിട്ടുണ്ട്. സെപ്റ്റംബർ 14 ന് അദ്ദേഹം പദവി ഒഴിയും. 2019 ഡിസംബറിൽ ഈ സ്ഥാനം ഏറ്റെടുത്ത ലക്ഷ്മണിന്റെ പിൻഗാമിയെ ശ്രീലങ്കൻ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബ വാഴ്ചയുടെ സ്വഭാ​വമുളള ഭരണനേതൃത്വത്തിന്റെ നയ തീരുമാനങ്ങളും ചൈനയിൽ നിന്നും സ്വീകരിച്ചിട്ടുളള ഭീമമായ വായ്പകളും രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഇതിനോടൊപ്പം കൊവിഡ് കൂടി വന്നതോടെ ശ്രീലങ്കയുടെ ധനപ്രതിസന്ധി അതിരൂക്ഷമായി. മുഖവിലയുടെ പകുതിയോളം ബോണ്ടുകൾ, കടം-മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അളവ് 100% കവിയുന്നു, സർക്കാർ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്നു.

രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം അടുത്ത രണ്ട് മാസത്തേക്ക് കൂടിയുളള ഇറക്കുമതിക്കേ തികയൂ. കറൻസിയുടെ വിലയിടിവ് ഈ വർഷം 7.5 ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിപണികളിൽ നിന്നും വാങ്ങിക്കൂട്ടിയ കടം ജിഡിപിയെക്കാൾ കൂടുതലായി തുടരുന്നത് ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണ് ശ്രീലങ്കയിൽ. ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 

റേഷൻ വിതരണ ശൃംഖലയു‌ടെ ഭാ​ഗമായ കടകളിൽ ഭക്ഷ്യധാന്യത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി നീണ്ട ക്യൂ ദൃശ്യമാണിപ്പോൾ.   

“എന്റെ നയ വീക്ഷണങ്ങൾക്കനുസൃതമായി കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. അടുത്ത മാസം വരുന്ന എന്റെ 80-ാം ജന്മദിനത്തിൽ രാജി സമർപ്പിക്കാനായിരുന്നു എന്റെ പദ്ധതി, ”ലക്ഷ്മൺ ഒരു മീഡിയ ബ്രീഫിംഗിൽ പറഞ്ഞു.

“കഴിഞ്ഞ ആഴ്ചയിലോ 10 ദിവസത്തിലോ ഉള്ള അസുഖകരമായ സംഭവങ്ങൾ എന്റെ ഉദ്ദേശിച്ച കാലയളവ് ഏകദേശം ആറ് ആഴ്ചയായി ചുരുക്കി,” അദ്ദേഹം രാജിക്കുളള കാരണം വിശദീകരിച്ചു.

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പിന്തുണ തേടാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് കൂടുതൽ ചൈനയെ ആശ്രയിക്കുകയെന്ന നയം സർക്കാർ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. 

സഹായത്തിനായി സർക്കാർ ഐഎംഎഫിലേക്ക് (അന്താരാഷ്ട്ര നാണയ നിധി) തിരിയണമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ലക്ഷ്മൺ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 

ജൂലൈയിൽ ശ്രീലങ്കയുടെ ഫോറെക്സ് കരുതൽ ശേഖരം 2.8 ബില്യൺ ഡോളറായിരുന്നു, ഇത് പ്രകാരം ഇറക്കുമതി പരിരക്ഷ രണ്ട് മാസത്തിൽ താഴെ മാത്രമേ ലഭിക്കുകയൊള്ളൂ എന്നാണ് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 

എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് ഓഗസ്റ്റിൽ രാജ്യത്തിന്റെ ഔട്ട്ലുക്ക് നെഗറ്റീവ് ആയി കുറച്ചിരുന്നു, കഴിഞ്ഞ വർഷം ബി മൈനസിൽ നിന്ന് സിസിസി + / സിയിലേക്ക് ഏജൻസി റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു, കൊവിഡ് -19 പകർച്ചവ്യാധിയിൽ പതറി നിൽക്കുന്ന ദ്വീപ് രാജ്യത്തിന്റെ ഉയർന്ന കട ബാധ്യതയും വിദേശ നാണ്യ ശേഖരത്തിലെ കുറവും ആശങ്ക നിറഞ്ഞതാണെന്നാണ് വിവിധ റേറ്റിം​ഗ് ഏജൻസികൾ അഭിപ്രായപ്പെടുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്