പ്രാദേശിക ലോക്ക്ഡൗണുകൾ വെല്ലുവിളിയാകുന്നു: തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിൽ

By Web TeamFirst Published Aug 10, 2020, 5:51 PM IST
Highlights

ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റ് 9 ന് അവസാനിച്ച ആഴ്ചയിൽ രണ്ട് ശതമാനം ഉയർന്ന് എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.37 ശതമാനമായി മാറി. കഴിഞ്ഞ ആഴ്ച ഇത് 6.47 ശതമാനമായിരുന്നു. 

ന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. രാജ്യത്തെ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ, വിള വിതയ്ക്കൽ സീസൺ ഏറെക്കുറെ അവസാനിക്കുകയും വൈറസ് പടരുന്നത് തടയാൻ സംസ്ഥാനങ്ങൾ മൈക്രോ ലോക്ക്ഡൗണുകൾ ഏർപ്പെടുത്തുകയും ചെയ്തതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണം. 

ഓഗസ്റ്റ് ഒമ്പതിന് അവസാനിച്ച ആഴ്ചയിൽ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് 8.67 ശതമാനമായി ഉയർന്നു. ഓഗസ്റ്റ് രണ്ട് വരെയുള്ള ആഴ്ചയിൽ ഇത് 7.19 ശതമാനമായിരുന്നു. സെന്റർ ഓഫ് മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ പുതിയ റിപ്പോർട്ടിലാണ് വിവരങ്ങളുളളത്. ജൂലൈ 12 ന് അവസാനിച്ച ആഴ്ചയിൽ നിന്നുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണിത്. ജൂലൈയിൽ രേഖപ്പെടുത്തിയ 7.43 ശതമാനത്തിന്റെ പ്രതിമാസ തൊഴിലില്ലായ്മയേക്കാൾ കൂടുതലാണ് ഇത്.

ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ഓഗസ്റ്റ് 9 ന് അവസാനിച്ച ആഴ്ചയിൽ രണ്ട് ശതമാനം ഉയർന്ന് എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.37 ശതമാനമായി മാറി. കഴിഞ്ഞ ആഴ്ച ഇത് 6.47 ശതമാനമായിരുന്നു. മഴക്കാലം രൂക്ഷമായപ്പോൾ വിള വിതയ്ക്കൽ സീസൺ അവസാനിച്ചതും മറ്റ് കാരണങ്ങളും മൂലമാണ് ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാകാൻ കാരണം. സി എം ഐ ഇയുടെ കണക്കുകൾ പ്രകാരം ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ജൂൺ 14 ന് അവസാനിച്ച ആഴ്ചയിലാണ് ഇതിനെക്കാൾ ഉയർന്ന നിരക്ക് പ്രക‌ടിപ്പിച്ചത്. 10.96 ശതമാനമായിരുന്നു അന്നത്തെ ഉയർന്ന നിരക്ക്. 

​ഗ്രാമങ്ങളിൽ നിന്ന് ന​ഗരങ്ങളിലേക്ക്

നഗര തൊഴിലില്ലായ്മ നിരക്ക്, ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയിൽ 9.31 ശതമാനം തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച ഇത് 8.73 ശതമാനമായിരുന്നു. ജൂലൈയിലെ പ്രതിമാസ നഗര തൊഴിലില്ലായ്മ 9.15% ആയിരുന്നുവെന്ന് CMIE ഡാറ്റ വ്യക്തമാക്കുന്നതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

അവസരങ്ങളുടെ അഭാവവും കാർഷിക മേഖലയുടെ ശേഷി കുറയുന്നതും നഗരങ്ങളിലും നഗര കേന്ദ്രങ്ങളിലും ബിസിനസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയാതെ വരുന്നതുമാണ് തൊഴിലില്ലായ്മ നിരക്ക് ഉയർന്ന് നിൽക്കാൻ കാരണം. നിർമാണം, ടെക്സ്റ്റെയിൽ വ്യവസായം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ആവശ്യവും ​ഗ്രാമങ്ങളിലെ ഉയർന്ന വേതന അസമത്വവും കാരണം കുടിയേറ്റക്കാർ ഗ്രാമങ്ങളിൽ നിന്ന് മടങ്ങിവരാൻ തുടങ്ങിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. 

"കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി പ്രാദേശികമായി പ്രഖ്യാപിപ്പിക്കുന്ന മൈക്രോ ലോക്ക്ഡൗണുകളും തൊഴിലില്ലായ്മ വർധിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു, ” സാമ്പത്തിക ശാസ്ത്രജ്ഞനും എക്സ്എൽആർഐ ജംഷദ്പൂരിലെ പ്രൊഫസറുമായ കെ.ആർ. ശ്യാം സുന്ദർ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

"ദേശീയ തൊഴിൽ ഗ്യാരണ്ടി സ്കീം പോലുള്ള സംവിധാനങ്ങൾ വഴിയുള്ള സാമ്പത്തിക ക്രമീകരണങ്ങൾക്ക് തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. കാരണം ആ പദ്ധതികളിലൂടെ നൽകുന്ന പ്രവൃത്തികൾ മടങ്ങിയെത്തിയ നിരവധി തൊഴിലാളികളുടെ വേതനവും നൈപുണ്യവുമായി പൊരുത്തപ്പെടുന്നവയല്ല, ”സുന്ദർ വിശദീകരിച്ചു. കുടിയേറ്റക്കാരുടെ മടങ്ങിവരവ് നഗരങ്ങളിലെ ആരോഗ്യ, തൊഴിൽ സാഹചര്യങ്ങളിൽ ഉടനടി സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ നിലയിലാകാൻ മാസങ്ങളെടുക്കും

"ഔപചാരിക മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് 10-12 ശതമാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു," സ്റ്റാഫിംഗ് കമ്പനിയായ ജീനിയസ് കൺസൾട്ടന്റ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ പി യാദവ് പറഞ്ഞു. "ബിസിനസ്സുകളിൽ പകർച്ചവ്യാധിയുടെ സ്വാധീനം വളരെ വലുതാണ്. കമ്പനികൾ പൂർണ്ണ ശേഷിയിലും മാർക്കറ്റ് റിട്ടേണുകളിലെ ഡിമാൻഡിലും തിരിച്ചെത്തുമ്പോൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ക്രമേണ വർധനവ് ഉണ്ടാകുന്നത് നിങ്ങൾക്ക് കാണാനാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇ-കൊമേഴ്സ്, എഫ്എംസിജി തുടങ്ങിയ ചില മേഖലകൾ ക്രമേണ വളർച്ച കൈവരിക്കുമ്പോൾ, പല മേഖലകളും ഒരു സാധാരണ അവസ്ഥയിലേക്ക് മടങ്ങാൻ മാസങ്ങളെടുക്കും. പ്രാദേശിക ലോക്ക്ഡൗണുകളും ആളുകൾക്കിടയിൽ പകർച്ചവ്യാധിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ഭയവും പ്രാദേശിക വ്യാപാര വിഭാഗങ്ങളായ മാളുകൾ, മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ സ്വാധീനം ചെലുത്തുന്നു, ” അദ്ദേഹം അഭിപ്രായപ്പെട്ടു.


 

click me!