സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ എങ്ങനെ ബാധിക്കും? പൊളിക്കൽ സർട്ടിഫിക്കറ്റിന് വിലക്കിഴിവ് ലഭിക്കുമോ?

By Web TeamFirst Published Aug 15, 2021, 5:05 PM IST
Highlights

20 വർഷത്തിന് മുകളിൽ പഴക്കമുളള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ എണ്ണം 51 ലക്ഷത്തിൽ കൂടുതലാണ്. ഹെവി ഡ്യൂട്ടി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും പുതിയ നിയമം ബാധകമാകും. 

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയം വാഹന വ്യവസായ രം​ഗത്ത് വൻ മുന്നേറ്റത്തിന് കാരണമാകുമെന്ന് വ്യവസായ വിദ​ഗ്ധർ. പുതിയ നിയമം അനുസരിച്ച്, 15 വർഷത്തിലധികം പഴക്കമുളള വാണിജ്യ വാഹനങ്ങളും ഇരുപത് വർഷത്തിലധികം പഴക്കമുളള യാത്രാ വാഹനങ്ങളും ഫിറ്റ്നസ്, എമിഷൻ ടെസ്റ്റുകളിൽ വിജയിച്ചില്ലെങ്കിൽ അവയുടെ രജിസ്ട്രേഷൻ റദ്ദാകും. കൂടാതെ, പതിനഞ്ച് വർഷത്തേക്ക് ഉപയോഗിച്ചതിന് ശേഷം സർക്കാർ വകുപ്പുകളും അവരുടെ വാഹനങ്ങൾ ഉപേക്ഷിക്കേണ്ടിവരും. ഇത് രാജ്യത്തെ വാഹന വിൽപ്പന ഉയരാൻ ഇ‌ടയാക്കും. 

വാഹന സ്ക്രാപ്പേജ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിലേക്ക് നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അസംസ്കൃത വസ്തുക്കളുടെ വില കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ പറഞ്ഞു. ഉൽപാദനക്ഷമമായ മെറ്റീരിയലുകൾ സ്ക്രാപ്പ് ചെയ്യുന്നതിന് ഈ നയം ആവശ്യമായ പ്രചോദനം നൽകുമെന്ന് വാഹന നിർമാതാവ് അഭിപ്രായപ്പെട്ടു.

പുതിയ നയം അനിവാര്യവും ദീർഘകാലമായി കാത്തിരുന്നതും വാഹന വ്യവസായത്തെയും അനുബന്ധ പിന്തുണാ വ്യവസായത്തെയും എല്ലാവർക്കും ​ഗുണകരമാകുമെന്നും വാഹന നിർമാതാവ് അഭിപ്രായപ്പെട്ടതായി ഇക്കണോമിക് ടൈംസ് ഓട്ടോ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

"ചട്ടക്കൂട് കൂടുതൽ നിക്ഷേപം വർദ്ധിപ്പിക്കുകയും അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി കുറയ്ക്കുകയും ഷീറ്റ് മെറ്റൽ റീസൈക്ലിംഗ് പുതുക്കുന്നതിന് സഹായിക്കുകയും ചെയ്യും, ”റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കിട്ടറാം മാമിലപല്ലെ പ്രസ്താവനയിൽ പറഞ്ഞു.

പുതിയ നയത്തെ ഓട്ടോമോട്ടീവ് വ്യവസായം സ്വാഗതം ചെയ്യുന്നുവെന്നും സാമ്പത്തിക മാന്ദ്യകാലത്ത് ആവശ്യമായ മുന്നേറ്റം വ്യവസായത്തിന് നൽകുമെന്നും ഗ്രാന്റ് തോർട്ടൺ ഭാരതിലെ സാകേത് മെഹ്റ പറയുന്നു. എല്ലാ വിഭാഗം വാഹനങ്ങളുടെയും വിൽപ്പനയ്ക്ക് ഉത്തേജനം ലഭിക്കുമെന്നാണ് പ്രമുഖ വാഹന നിർമാണക്കമ്പനികൾ കണക്കാക്കുന്നത്.  

"വ്യക്തിഗത വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി നേരത്തെ മുന്നോട്ട് വച്ചിരുന്നെങ്കിൽ, ഉപഭോക്താക്കളും ഒഇഎമ്മുകൾക്കും (ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾ) സമീപകാലത്ത് വലിയ തോതിൽ ഇതിന്റെ പ്രയോജനം ലഭിക്കുമായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ” മെഹ്റ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു. 

അസംസ്കൃത വസ്തുക്കളുടെ വിലയിൽ അടുത്ത കാലത്തായി വൻ വർധനയുണ്ടായി. ഉരുക്കിന്റെ നിരക്ക് കഴിഞ്ഞ ആറുമാസത്തിനിടെ ഗണ്യമായി വർദ്ധിച്ചു (ഏകദേശം 30%), ഇത് ഉൽപാദനച്ചെലവ് ഉയർത്തുന്ന ഘടകമാണ്. പഴയ വാഹന ലോഹത്തിന്റെ പുനരുപയോഗത്തോടെ, പുതിയ വാഹനത്തിന്റെ ഉൽപാദനച്ചെലവ് ഒരു പരിധിവരെ കുറയുകയും ഉൽപാദനച്ചെലവ് യുക്തിസഹമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം പഴയ ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങൾ ഇന്ത്യയിലുണ്ട്. കൂടാതെ, 20 വർഷത്തിന് മുകളിൽ പഴക്കമുളള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ എണ്ണം 51 ലക്ഷത്തിൽ കൂടുതലാണ്. ഹെവി ഡ്യൂട്ടി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും പുതിയ നിയമം ബാധകമാകും. 

"കേന്ദ്രസർക്കാരിന്റെ വാഹന സ്ക്രാപ്പേജ് നയം ആത്മനിർഭർ ഭാരതത്തിലേക്കുള്ള സുപ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ റോഡുകളിലെ പഴക്കം ചെന്ന വാഹനങ്ങൾ നീക്കംചെയ്യാൻ മാത്രമല്ല, പുനരുപയോഗത്തിനും സഹായിക്കും, നയം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, " ഒമേഗ സെയ്കി മൊബിലിറ്റി ചെയർമാനും സ്ഥാപകനുമായ ഉദയ് നാരംഗ് ലൈവ് മിന്റിനോട് പറഞ്ഞു. 

പൊളിക്കാൻ നൽകുന്ന പഴയ വാഹനത്തിന്റെ അതേ മോഡലിലുള്ള പുതിയ വാഹനത്തിന്റെ എക്സ് ഷോറൂം നിരക്കിന്റെ നാല് മുതൽ ആറ് ശതമാനം വരെ പൊളിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ഉടമസ്ഥർക്ക് നൽകും. സ്ക്രാപ്പ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് (പൊളിക്കൽ സർട്ടിഫിക്കറ്റ്) നൽകിയാൽ പുതിയ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വിലക്കിഴിവ് നൽകാൻ കമ്പനികളോട് സർക്കാർ നിർദേശിക്കും. ഉടമയ്ക്ക് താൽപര്യമുള്ള മറ്റൊരാൾക്ക് ഇതു കൈമാറാനും സാധിക്കുന്ന വിധമാണ് നിയമം നടപ്പാക്കുക.

സ്വകാര്യ വാഹനങ്ങൾക്ക് 25 ശതമാനം റോഡ് നികുതിയിളവും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനം റോഡ് നികുതിയിളവും നൽകാ‍ൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. പുതിയ വാഹനത്തിന്റെ റജിസ്ട്രേഷൻ ഫീസ് സൗജന്യമാക്കാനും കേന്ദ്ര സർക്കാരിന് ആലോചനയുണ്ട്. വാഹന പൊളിക്കൽ കേന്ദ്രങ്ങൾ പരിസ്ഥിതി, മലിനീകരണ, തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കണം. മതിയായ പാർക്കിങ് സൗകര്യം, വായു, ജല, ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനം, അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം എന്നിവ വേണമെന്നും നിയമത്തിൽ നിബന്ധനയുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

click me!