ശമ്പളം 50 ശതമാനം കൂട്ടണമെന്ന് കോൾ ഇന്ത്യ ലിമിറ്റഡ് ജീവനക്കാർ, വൈദ്യുതി നിരക്ക് ഉയരാന്‍ സാധ്യത

By Web TeamFirst Published Aug 18, 2021, 9:18 PM IST
Highlights

 കൽക്കരി ഖനന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ.

ദില്ലി: കോൾ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരുടെ സംഘടനകൾ 50 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുകയാണ്. വരുംവർഷങ്ങളിൽ ലാഭ വർദ്ധനവ് ഉണ്ടാകുമെന്നും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കും എന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ജീവനക്കാരുടെ സംഘടനകൾ ഇത്തരമൊരു ആവശ്യം മാനേജ്മെന്റിന് മുന്നിൽ വെച്ചിരിക്കുന്നത്.

 തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ മാനേജ്മെന്റുമായി പ്രാഥമിക ചർച്ച നടത്തി. ആവശ്യങ്ങളിൽ വരും മാസങ്ങളിൽ കൂടുതൽ ചർച്ച നടക്കും. ഇതിനുശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്തുകയുള്ളൂ. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നിൽ രണ്ടു ഭാഗവും കൽക്കരി ഉപയോഗിച്ചുള്ളതാണ്. കൽക്കരി ഖനന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനിയുമാണ് പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ.

 കോൾ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാം എന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദതന്ത്രം കൂടിയായാണ് ഇപ്പോഴത്തെ വേതന വർദ്ധനവ് ആവശ്യത്തെ വിദഗ്ദർ നോക്കിക്കാണുന്നത്. എങ്കിലും വൈദ്യുതി നിരക്ക് വർധനവിൽ ആയിരിക്കും ഇത് ചെന്ന് നിൽക്കുകയെന്നും കരുതുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!