ചൈനയെ വെല്ലുവിളിച്ച് അദാനി; ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള ഇന്ത്യയുടെ തന്ത്രമോ?

By Web TeamFirst Published Nov 10, 2023, 1:25 PM IST
Highlights

വിഴിഞ്ഞത്തെ അദാനിയുടെ പുതിയ തുറമുഖവും വ്യാപാരത്തിലും ഉൽപ്പാദനത്തിലും ചൈനയുമായി മത്സരിക്കാൻ ഇന്ത്യയെ സഹായിക്കും.  നിലവിൽ ചൈന ആധിപത്യം പുലർത്തുന്ന അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഇന്ത്യയെ ഈ തുറമുഖം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ടിസ്ഥാന സൗകര്യ വികസന രംഗത്ത് ആഗോള തലത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ ശ്രമിക്കുന്ന ചൈനയെ വെല്ലുവിളിക്കുകയാണ് അദാനി ഗ്രൂപ്പ്. ചൈനയുടെ സ്വാധീനം കുറയ്ക്കുന്ന രീതിയിൽ പലരാജ്യങ്ങളിലും തുറമുഖങ്ങൾ നിർമിച്ചാണ് അദാനിയുടെ ചൈനീസ് വിരുദ്ധ നീക്കം. പല രാജ്യങ്ങളിലും റോഡുകളും തുറമുഖങ്ങളും നിര്‍മിക്കുകയും പിന്നീട് സാമ്പത്തിക സഹായത്തിന്‍റെ പേരില്‍ ആ പദ്ധതി തന്നെ സ്വന്തമാക്കുന്ന ചൈനീസ് ചതിയുടെ പ്രത്യക്ഷ ഉദാഹരണമാണ് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖം. അതേ ശ്രീലങ്കയിൽ തന്നെ യുഎസ് പിന്തുണയോടെ ടെർമിനൽ നിർമിക്കുകയാണ് അദാനി.കൊളംബോ തുറമുഖത്താണ് അദാനിയുടെ  ടെർമിനൽ . അവിടെ ചൈന ഇതിനകം ഒരു ടെർമിനൽ പ്രവർത്തിപ്പിക്കുന്നുണ്ട്. വർഷങ്ങളായി കടക്കെണിയിലൂടെ ശ്രീലങ്കയുടെ മേൽ ചൈന നേടിയെടുത്ത  അധിനിവേശത്തിനെതിരായ തിരിച്ചടിയായാണ് അദാനിയുടെ നിക്ഷേപത്തെ കാണുന്നത്.ടെർമിനലിൽ യുഎസ് അര ബില്യൺ ഡോളറിലധികമാണ് നിക്ഷേപം നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റിന്റെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ധനസഹായം, ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിന് ശ്രീലങ്കയിലെ ഇന്ത്യൻ താൽപ്പര്യങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണ്. ഡിഎഫ്‌സിയുടെ ഇതുവരെയുള്ള ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.

 ALSO READ: ചൈനീസ് എൽഇഡി വേണ്ട; ദീപാവലി വിപണിയിൽ ഡിമാൻഡ് കൂടുതൽ ഈ ലൈറ്റുകൾക്ക്

ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയ്ക്ക് വളരെ മുമ്പുതന്നെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതി ആരംഭിച്ചിരുന്നു. തന്ത്രപ്രധാനമായ കൊളംബോ തുറമുഖത്തിന്റെ വെസ്റ്റേൺ കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 2021-ൽ അദാനി സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുമായി കരാർ ഒപ്പിട്ടു. 700 മില്യൺ ഡോളറിന്റെ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ ഇടപാട് ദ്വീപ് രാഷ്ട്രത്തിന്റെ തുറമുഖ മേഖലയിൽ എക്കാലത്തെയും വലിയ വിദേശ നിക്ഷേപമായിരുന്നു.  . 2022-ന്റെ തുടക്കത്തിൽ, പൂണേരിൻ, മാന്നാർ, മറ്റ് വടക്കൻ ജില്ലകളിലെ 500 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രങ്ങളിലും അദാനി ഒപ്പുവച്ചു.
 
കൊളംബോയുടെ പുതിയ തുറമുഖത്ത് കാലുറപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.  

ഈ വർഷം ജനുവരിയിൽ 1.03 ബില്യൺ ഡോളർ മുടക്കി  വാങ്ങിയ വടക്കൻ ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനിയുടെ ഉടമസ്ഥതയിലുണ്ട്. ഇസ്രായേലിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് ഹൈഫ. ചൈനയുടെ സ്വാധീനം കുറയ്ക്കാനുള്ള നീക്കമായാണ് ഇതും വിലയിരുത്തപ്പെടുന്നത്. ചൈനയുടെ ഷാങ്ഹായ് ഇന്റർനാഷണൽ പോർട്ട് ഗ്രൂപ്പ്  ഹൈഫയിൽ ഒരു തുറമുഖം പ്രവർത്തിപ്പിക്കുന്നുണ്ട്.യൂറോപ്യൻ വിപണികളിലേക്ക് പ്രവേശനം നൽകുന്ന മെഡിറ്ററേനിയനിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമാണ് ഹൈഫ.
   
ഹൈഫ ഇപ്പോൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (IMEEC) ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന  രാജ്യങ്ങൾ പ്രഖ്യാപിച്ച ഐഎംഇഇസിയിൽ രണ്ട് വ്യത്യസ്ത ഇടനാഴികൾ ഉൾപ്പെടുന്നു, ഇന്ത്യയെ   ഗൾഫുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും   ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും. നിലവിലുള്ള സമുദ്രസഞ്ചാരത്തിന് അനുബന്ധമായി  ചെലവ് കുറഞ്ഞ ക്രോസ്-ബോർഡർ ഷിപ്പ്-ടു-റെയിൽ ട്രാൻസിറ്റ് നെറ്റ്‌വർക്ക് നൽകുന്ന ഒരു റെയിൽവേ ഇതിൽ ഉൾപ്പെടും.

 ALSO READ: ഇന്ത്യയിൽ വേട്ട തുടങ്ങാൻ മസ്‌ക്; ഏറ്റുമുട്ടുക അംബാനിയോടും മിത്തലിനോടും

 വിഴിഞ്ഞത്തെ അദാനിയുടെ പുതിയ തുറമുഖവും വ്യാപാരത്തിലും ഉൽപ്പാദനത്തിലും ചൈനയുമായി മത്സരിക്കാൻ ഇന്ത്യയെ സഹായിക്കും.  നിലവിൽ ചൈന ആധിപത്യം പുലർത്തുന്ന അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാൻ ഇന്ത്യയെ ഈ തുറമുഖം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!