ഇന്ത്യയിൽ ഏറ്റവും 'പാവപ്പെട്ട' മുഖ്യമന്ത്രി മമതാ ബാനർജി, പിണറായി വിജയന്റെ സ്ഥാനമെത്ര

Published : Aug 22, 2025, 06:13 PM IST
Pinarayi Vijayan

Synopsis

എഡിആറിന്റെ റിപ്പോർട്ട് പ്രകാരം മമതയുടെ ആസ്തി 15.4 ലക്ഷം രൂപയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് 55 ലക്ഷം രൂപയുടെ ആസ്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയും ഉണ്ട്.

ദില്ലി: ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരിൽ ഏറ്റവും ആസ്തി കുറവ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. എഡിആർ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മുഖ്യമന്ത്രിയായി ബാനർജി തുടരുന്നു. എഡിആറിന്റെ റിപ്പോർട്ട് പ്രകാരം മമതയുടെ ആസ്തി 15.4 ലക്ഷം രൂപയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് 55 ലക്ഷം രൂപയുടെ ആസ്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയും ഉണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഡാറ്റയാണ് എഡിആർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് പട്ടികയിൽ മുന്നിൽ. 931 കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. തൊട്ടുപിന്നിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള പേമ ഖണ്ഡു (332 കോടി രൂപ). പട്ടികയിലുള്ള ശതകോടീശ്വരന്മാരാണ് ഇരുവരും. 2021 സെപ്റ്റംബർ 30 ന് നടന്ന ഭവാനിപൂർ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് മമത ബാനർജിയുടെ സ്വത്തുക്കളുടെ വിവരങ്ങൾ വിശകലനം ചെയ്തത്. 

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ ആസ്തി 30.4 ലക്ഷം രൂപയായിരുന്നു. തന്റെ കൈവശം പണമായി 69,255 രൂപയുണ്ടെന്നും അതേസമയം 13.5 ലക്ഷം രൂപ ബാങ്ക് ബാലൻസ് ഉണ്ടെന്നും തെരഞ്ഞെടുപ്പ് ചെലവ് അക്കൗണ്ടിൽ 1.5 ലക്ഷം രൂപയുണ്ടെന്നും അവർ സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് 51 കോടിയുടെ ആസ്തിയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും! 12490 കോടിയുമായി ശതകോടീശ്വര പട്ടികയിലേക്ക് കുതിച്ചെത്തി കിംഗ് ഖാൻ, നേട്ടമായത് 'റെഡ് ചില്ലീസ്'
ഇൻഷുറൻസ് എടുത്തവരാണോ? ഒരു പോളിസി എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരി​ഗണിക്കണം