ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By Web DeskFirst Published Jul 3, 2017, 6:41 PM IST
Highlights

ഇപ്പോള്‍ പണം ഉപയോഗം കുറച്ച് പ്ലാസ്റ്റിക് മണിയുടെ ഉപയോഗം കൂടി വരുകയാണല്ലോ. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ സാമ്പത്തികബാധ്യതയായി മാറും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍...

1, തിരിച്ചടവ് വൈകരുത്-

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ തിരിച്ചടവ് നിശ്ചിത തീയതിക്കുള്ളില്‍ നടത്തിയിരിക്കണം. അല്ലെങ്കില്‍ പ്രതിവര്‍ഷം 24 മുതല്‍ 48 ശതമാനം വരെ പിഴ ഒടുക്കേണ്ടി വരും. കൂടാതെ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ തിരിച്ചടവ് തീയതി, ഫോണിലോ മറ്റോ രേഖപ്പെടുത്തി മറക്കാതെ തന്നെ ചെയ്യുക.

2, ക്രെഡിറ്റ് പരിധി ഉപയോഗം-

സ്ഥിരമായി ക്രെഡിറ്റ് പരിധി മുഴുവന്‍ ഉപയോഗിച്ച് തീര്‍ക്കുന്നത് ഒഴിവാക്കണം. ഇത് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യു വര്‍ദ്ധിക്കാനും അതുവഴി, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എപ്പോഴും ക്രെഡിറ്റ് പരിധിയുടെ ഏകദേശം 40-50 ശതമാനം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

3, പണം പിന്‍വലിക്കരുത്-

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു കാരണവശാലും പണം പിന്‍വലിക്കരുത്. പണം പിന്‍വലിക്കുന്ന തീയതി മുതല്‍ വന്‍ തുക പിഴയും സേവനനിരക്കും ബാങ്കുകള്‍ ഏര്‍പ്പെടുത്തു. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 100 രൂപ പിന്‍വലിച്ചു എന്നിരിക്കട്ടെ. അതിന് 300 രൂപയോളം നമ്മള്‍ പിഴയും സേവനനിരക്കുമായി അടയ്‌ക്കേണ്ടിവരും.

4, വായ്പകളും പരിഗണിക്കുക-

എല്ലായ്‌പ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റരുത്. ചില അവസരങ്ങളില്‍ വായ്‌പാ പലിശനിരക്ക് ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിനേക്കാള്‍ കുറവായിരിക്കും. അത്തരം അവസരങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ വായ്‌പ എടുക്കുന്നതാണ് നല്ലത്.

5, റിവാര്‍ഡ് പോയിന്റുകള്‍ ഫലപ്രദമായി വിനിയോഗിക്കുക-

ഇടപാടുകള്‍ നടത്തുന്നതിന് പ്രതിഫലമായി ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ അനുവദിക്കാറുണ്ട്. നിശ്ചിത പരിധിയില്‍ എത്തുമ്പോള്‍ ഈ റിവാര്‍ഡ് പോയിന്റുകള്‍ നമുക്ക് ചെലവാക്കാന്‍ സാധിക്കും. കൂടാതെ കാഷ്‌ബാക്ക്, ഡിസ്‌കൗണ്ട് എന്നിവയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ലഭിക്കും. ഇതും ഫലപ്രദമായി വിനിയോഗിക്കുക.

6, ഇ-വാലറ്റുകള്‍ക്കൊപ്പം ഉപയോഗിക്കുക-

ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡിനൊപ്പം ഇ-വാലറ്റുകള്‍ കൂടി ഉപയോഗിക്കുക. ഉദാഹരണത്തിന് 1000 രൂപ ഒടുക്കാന്‍, 600 രൂപ ക്രെഡിറ്റ് കാര്‍ഡ് വഴിയും ബാക്കി 400 രൂപ ഇ-വാലറ്റ് വഴിയും ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തികലാഭം ഉണ്ടാക്കാനാകും.

7, ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക-

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ അവ മാറി മാറി ഉപയോഗിക്കുക. യൂട്ടിലൈസേഷന്‍ റേഷ്യു നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. കൂടാതെ, എല്ലാ കാര്‍ഡുകളും ഓപ്പണായിരിക്കാനും വാലിഡിറ്റി നിലനിര്‍ത്താനും സഹായിക്കും.

8, അനുയോജ്യമായ കാര്‍ഡ് തെര‍ഞ്ഞെടുക്കുക-

ഉപയോഗത്തിന് അനുസരിച്ച് വേണം കാര്‍ഡ് തെരഞ്ഞെടുക്കാന്‍. പണത്തിന്റെ പരിധി, ഉപയോഗം എന്നിവ അനുസരിച്ച് വിവിധതരം കാര്‍ഡുകള്‍ ലഭ്യമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ വീഡിയോ വേണം തെരഞ്ഞെടുക്കേണ്ടത്.

9, റിവാര്‍ഡ് പോയിന്റുകള്‍ ഒരുസമയം റെഡീം ചെയ്യുക-

റിവാര്‍ഡ് പോയിന്റ് ഒന്നിച്ച് റെഡീം ചെയ്യുന്നതാണ് കാര്‍ഡ് ഉപഭോക്താവിന് ലാഭം. റിവാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യുന്നതിന് നിശ്ചിത തീയതി പരിധിയുണ്ടാകും. അതുകഴിഞ്ഞാല്‍, അത് ഉപയോഗിക്കാനാകില്ല. ഇക്കാര്യവും മനസിലുണ്ടാകണം. സാധാരണഗതിയില്‍ ഇത് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയാണ്.

10, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് സ്ഥിരമായി പരിശോധിക്കണം-

ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ വിവിധതരം സേവനനിരക്കുകള്‍, പലിശ, പിഴ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇത് സ്ഥിരമായി പരിശോധിക്കണം. നിങ്ങളുടേതല്ലാത്ത എന്തെങ്കിലും നിരക്കോ പിഴയോ പലിശയോ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ കമ്പനിയെ അപ്പോള്‍ത്തന്നെ വിവരം അറിയിക്കുക.

ക്രെഡിറ്റ് കാര്‍ഡ് ശ്രദ്ദയോടെ ഉപയോഗിക്കുമ്പോള്‍ സാമ്പത്തികലാഭം മാത്രമല്ല, നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് ബാങ്കുകള്‍ക്കും സാമ്പത്തികസ്ഥാപനങ്ങള്‍ക്കും മുന്നില്‍ നിങ്ങള്‍ക്ക് നല്ല പ്രതിച്ഛായ ഉണ്ടാക്കും.

click me!