എടിഎം കാര്‍ഡുകള്‍: 19 ബാങ്കുകളുടെ വിവരം ചോര്‍ത്തി; ബാങ്കുകള്‍ക്ക് നഷ്ടമായത് 1.3 കോടി രൂപ

By Web DeskFirst Published Oct 21, 2016, 9:14 AM IST
Highlights

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനും പുതുതലമുറ ബാങ്കുകള്‍ക്കുമൊപ്പം 19 ബാങ്കുകളുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പ് നടന്നെന്ന് കാണിച്ച് 641ഇടപാടുകാര്‍ ബാങ്കുകളെ സമീപിച്ചെന്ന് എന്‍സിപിഐ വ്യക്തമാക്കി. ഇതനുസരിച്ച് 130 ലക്ഷം രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. റുപ്പേയ്ക്ക് പുറമേ വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ മാറ്റി നല്‍കി തുടങ്ങിയിട്ടുണ്ട്. വിവരം പുറത്തറിയാതിരിക്കാന്‍ പല പ്രമുഖ ബാങ്കുകളും ഉപഭോക്താക്കളെ നേരിട്ട് സമീപിക്കുകയാണ്. പിന്‍ നമ്പര്‍ കൂടാതെയുള്ള രാജ്യാന്തര ഇടപാടുകളെല്ലാം പ്രമുഖ ബാങ്കുകള്‍ ബ്ലോക്ക് ചെയ്തു. രാജ്യത്തെ ബാങ്കുകള്‍ നേരിടുന്ന സുരക്ഷ വീഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് വിവിധ ബാങ്കുകള്‍ക്ക് കത്തയച്ചു. 

ആര്‍ബിഐ നിര്‍ദ്ദേശം അനുസരിച്ച് ഉപഭോക്താക്കള്‍ മാഗ്‌നറ്റിക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പ് ഘടിപ്പിച്ച എംടിഎം കാര്‍ഡിലേക്ക് എത്രയും വേഗം മാറുകയെന്നാണ് തട്ടിപ്പ് തടയാനുള്ള പ്രധാന ഉപായം.

click me!