വേനല്‍ മഴയില്‍ വേദനിച്ച് എസി, റഫ്രിജറേറ്റര്‍ വിപണി

By Web DeskFirst Published Apr 25, 2018, 12:23 PM IST
Highlights
  • ഏപ്രിലില്‍ വില്‍പ്പന മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന് മുകളിലേക്കെത്തുമെന്നാണ് കമ്പനികള്‍ കരുതിയത്

ദില്ലി: രാജ്യത്തിന്‍റെ പലഭാഗത്തും ലഭിച്ച വേനല്‍ മഴയില്‍ ബിസിനസ് തളര്‍ച്ചയുണ്ടായ ഒരു വിഭാഗമുണ്ട്. എയര്‍ കണ്ടീഷണര്‍ (എസി), റഫ്രിജറേറ്റര്‍ ഉല്‍പ്പാദന-വിതരണം-വിപണന മേഖലയുമായി ബന്ധപ്പെട്ടവരാണിവര്‍. 2017 ഏപ്രില്‍ മാസത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 15 ശതമാനമാണ് എസിയുടെ വില്‍പ്പന ഉയര്‍ന്നത്. 

മുന്‍കാല ചരിത്രത്തില്‍ നിന്ന് ഈ വര്‍ഷം വില്‍പ്പനയുടെ വര്‍ദ്ധനവ് 20 ശതമാനത്തിന് മുകളിലേക്കെത്തുമെന്നാണ് എസി കമ്പനികള്‍ കരുതിയത്. അതിനനുസരിച്ച് ഉല്‍പ്പാദനവും നടത്തി. മാര്‍ച്ച് പകുതി പിന്നിട്ടപ്പോള്‍ വില്‍പ്പന കേന്ദ്രങ്ങള്‍ എസികളും റഫ്രിജറേറ്ററുകളും കൊണ്ട് നിറഞ്ഞു. എന്നാല്‍ പതിവിനു വിപരീതമായി രാജ്യത്ത് പലയിടത്തും വേനല്‍ മഴ തിമിര്‍ത്ത് പെയ്തു. 

മഴയില്‍ വില്‍പ്പന വലിയ തോതില്‍ കുറഞ്ഞു. വില്‍പ്പന കേന്ദ്രങ്ങളില്‍ എസികളും റഫ്രിജറേറ്ററുകളും കുന്നുകൂടിത്തുടങ്ങി. ഈ വേനല്‍ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനമുണ്ടായിരുന്നെങ്കിലും മഴ നന്നായി രാജ്യത്ത് ലഭിക്കുന്നു, ഇതോടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സ്തംഭനാവസ്ഥയിലായതായി ഗോദ്റെജ് അപ്ലയന്‍സസ് ബസിനസ് മേധാവി കമല്‍ നന്ദി പറഞ്ഞു. ഈ വര്‍ഷം മണ്‍സൂണ്‍ നേരത്തെ ഉണ്ടാവുമെന്ന പ്രവചനം എസി, റഫ്രിജറേറ്റര്‍ വിപണി ആശങ്കയോടെയാണ് കാണുന്നത്. മഴയത്ത് ഇടിഞ്ഞ വിപണിയെ പൊക്കിയെടുക്കാന്‍ മൈക്രോവേവ് അവന്‍, എല്‍.ഇ.ഡി. ടിവി തുടങ്ങി അനേകം ഓഫറുകള്‍ പ്രഖ്യാപിച്ചാലോയെന്ന സജീവ ആലോചനയിലാണിപ്പോള്‍ കമ്പനികളും വിതരണക്കാരും. 

click me!