Latest Videos

തമിഴ്‌നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളും ജിഎസ്‌ടിക്ക് അനുകൂലമെന്നു ധനമന്ത്രി

By Asianet NewsFirst Published Jun 14, 2016, 12:44 PM IST
Highlights

ദില്ലി: തമിഴ്‌നാട് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ചരക്കു സേവനനികുതി ബില്ലിനെ അനുകൂലിച്ചുവെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസ്സാകുമെന്നാണു പ്രതീക്ഷയെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജെ‌യ്‌റ്റ്‌ലി.

രാജ്യമൊട്ടാകെ ഒരൊറ്റ നികുതി സമ്പ്രദായം കൊണ്ടുവരികയെന്ന സുപ്രധാനമായ നിയമ നിര്‍മാണമാണു ചരക്കുസേവനനികുതി ബില്ല് മുന്നോട്ടുവെയ്ക്കുന്നത്. ബില്ലിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ എംപവേഡ് കമ്മിറ്റി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് നികുതിയിന്‍മേല്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള സമവായമാണ്. 22 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ബംഗാള്‍ ധനമന്ത്രിയും ജിഎസ്‌ടി എംപവേഡ് കമ്മിറ്റി ചെയര്‍മാനുമായ അമിത് മിത്രയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. തമിഴ്‌നാടൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും നികുതിക്ക് അനുകൂലമായാണു പ്രതികരിച്ചതെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ധനമന്ത്രി അമിത് മിത്രയും നിലവിലെ ചരക്കു സേവന നികുതി ബില്ലിന് പൂര്‍ണമായ പിന്തുണ അറിയിച്ചു. ലോക്‌സഭ നേരത്തേ ജിഎസ്‌ടി ബില്ല് പാസാക്കിയിരുന്നു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കാനായാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ജിഎസ്‌ടിയ്ക്ക് പരിധി കൊണ്ടുവരുന്നതുള്‍പ്പടെ തങ്ങള്‍ നിര്‍ദേശിയ്ക്കുന്ന ഭേദഗതികള്‍ വരുത്താതെ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി രാജ്യസഭയിലെ മറ്റുകക്ഷികളുടെ പിന്തുണയോടെ ബില്ല് പാസ്സാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവിലെ രൂപത്തിലുള്ള ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം നേരത്തേ വ്യക്തമാക്കിയിരുന്നു.

click me!