ജെയ്റ്റലി തിരിച്ചെത്തി: ധനമന്ത്രാലയത്തിന്‍റെ ചുമതല നല്‍കി രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

By Web TeamFirst Published Aug 23, 2018, 11:42 AM IST
Highlights

65-കാരനായ ജെയ്റ്റലി വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഓഫീസ് ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മെയ് 14-ന് അദ്ദേഹം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. 

ദില്ലി:ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്ന അരുണ്‍ ജെയ്റ്റലി ധനമന്ത്രിയുടെ ചുമതലകളിലേക്ക് തിരിച്ചെത്തി. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജീവരാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങി വന്നിരിക്കുന്നത്. അരുണ്‍ ജെയ്റ്റലി ധനമന്ത്രാലയത്തിന്‍റെ ചുമതല വീണ്ടും ഏറ്റെടുക്കുമെന്നും ഇതുവരെ ധനമന്ത്രിയുടെ അധികചുമതല വഹിച്ചിരുന്ന പീയുഷ് ഗോയല്‍ റെയില്‍വേമന്ത്രാലയത്തില്‍ തുടരുമെന്നും രാഷ്ട്രപതിയുടെ ഓഫീസ് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.

65-കാരനായ ജെയ്റ്റലി വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഓഫീസ് ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മെയ് 14-ന് അദ്ദേഹം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഇതോടെയാണ് ജെയ്റ്റലിക്ക് വിശ്രമം ഒരുക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ധനവകുപ്പിന്‍റെ ചുമതല നല്‍കി രാഷ്ട്രപതി ഭവന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. 

ചുമതല ഒഴിഞ്ഞെങ്കിലും ജയ്റ്റലി സര്‍ക്കാരിര്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയും ചെയ്തു. ഓഫീസ് ചുമതലകളില്‍ നിന്നും മാറി നിന്നെങ്കിലും ധനമന്ത്രാലയത്തെ ഉദ്യോഗസ്ഥരുമായി ജെയ്റ്റലി നിരന്തരം വീഡിയോ കോണ്‍ഫറന്‍സ് നടത്തി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ ആരാണ് ശരിക്കും ധനമന്ത്രി എന്ന വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തു വന്നു. 

വിശ്രമജീവിതത്തിനിടെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി ജെയ്റ്റലി ഇതിനിടെ പാര്‍ലമെന്‍റിലെത്തിയിരുന്നു. എന്നാല്‍ ഇൻഫക്ഷനുള്ള സാധ്യത കണക്കിലെടുത്ത് ജെയ്റ്റലിയുമായി അടുത്ത് ഇടപെടരുതെന്ന നിര്‍ദേശം സ്പീക്കര്‍ എംപിമാര്‍ക്ക് നല്‍കി. ഓഫീസ് ചുമതലകളില്‍ നിന്നും മടങ്ങിയെത്തിയെങ്കിലും കുറച്ചു കാലം കൂടി ജെയ്റ്റലിക്ക് സന്ദര്‍ശകനിരോധനം ഉണ്ടാവും എന്നാണ് വിവരം. ജെയ്റ്റലിയുടെ സംരക്ഷണം ഉറപ്പാക്കാനായി സെന്‍ട്രല്‍ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രിയുടെ ഓഫീസില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

click me!