പണം പിന്‍വലിക്കല്‍: നിയന്ത്രണം  തുടരണമെന്ന് ബാങ്കുകള്‍

By Web DeskFirst Published Dec 29, 2016, 7:01 AM IST
Highlights

നോട്ട് അസാധുവാക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ,പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് രാജ്യത്തെ ബാങ്കുകള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതു വഴി സൃഷ്ടിക്കപ്പെട്ട നോട്ട് ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാല്‍ അനിയന്ത്രിതമായ പണം പിന്‍വലിക്കല്‍ നടക്കുമെന്നും ബാങ്കുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്തുന്നത് വരെയെങ്കിലും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ബാങ്കുകളുടെ ആവശ്യം. അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകളിലും,ബാങ്കുകളിലുമുള്ള തിരക്കിന് കുറവുണ്ടെങ്കിലും പണ ദൗര്‍ലഭ്യം മാറിയിട്ടില്ല. രാജ്യത്തെ 50 ശതമാനം എടിഎമ്മുകളും അടഞ്ഞു കിടക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ നോട്ട് അസാധുവാക്കലിന്റെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയാത്തത് ഇതിനെ പിന്തുണക്കുന്നവരുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ടെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമം നടത്തിയ സര്‍വ്വെ പറയുന്നത്.

90 ശതമാനം പേര്‍ ആദ്യം തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഇപ്പോള്‍ 53 ശതമാനം പേര്‍ മാത്രമാണ് ഇതിനെ പിന്തുണക്കുന്നത്.23 ശതമാനം പേര്‍ എതിര്‍ക്കുമ്പോള്‍ 24 ശതമാനം പേര്‍ കുറച്ചുകൂടി കാത്തിരുന്ന് നിലപാട് പറയാം എന്നാണ് സര്‍വ്വേയില്‍ വ്യക്തമാക്കിയത്.

click me!