പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ബിവറേജസ് വില്‍പനശാലകളെല്ലാം 'ക്യാഷ്‍ലെസ്'

By Web TeamFirst Published Dec 23, 2018, 7:13 PM IST
Highlights

ഒരു വില്‍പനശാലയില്‍ പ്രതിദിനം ശരാശരി 11.80 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നതായാണ് കോര്‍പറേഷന്‍റെ കണക്ക്. ഇത്രയും തുക പല വില്‍പനശാലകളിലും സൂക്ഷിക്കുന്നത് സുരക്ഷപ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. പിഒഎസ് സംവിധാനം വരുന്നതോടെ ഇതിന് പരിഹാരമാകും.  

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ചില്ലറ വില്‍പനശാലകളിലും ക്യാഷ്‍ലെസ് ഇടപാടിനുളള സൗകര്യം നിലവില്‍ വരും. നിലവില്‍ സംസ്ഥാനത്തെ 85 പ്രീമിയം വില്‍പനശാലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഒഎസ് (പോയിന്‍റ് ഓഫ് സെയില്‍സ്) മെഷീന്‍ സംവിധാനമാണ് 185 സാധാരണ വില്‍പനശാലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. 

അടുത്തവര്‍ഷം ആദ്യം തന്നെ സംവിധാനം നടപ്പാക്കും. ഇതോടെ സംസ്ഥാനത്തെ വില്‍പനശാലകളിലൂടെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് മദ്യം വാങ്ങാനാകും. പിഒഎസ് സംവിധാനം ഏര്‍പ്പെടുത്തിയാലും പണം ഉപയോഗിച്ച് വ്യക്തികള്‍ക്ക് തുടര്‍ന്നും മദ്യം വാങ്ങാന്‍ കഴിയും.

മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തും, ചില്ലറ വില്‍പനശാലകളില്‍ പണം സൂക്ഷിക്കാനുളള ബുദ്ധിമുട്ട് കാരണവുമാണ് കോര്‍പറേഷന്‍റെ പുതിയ തീരുമാനം. ഒരു വില്‍പനശാലയില്‍ പ്രതിദിനം ശരാശരി 11.80 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നതായാണ് കോര്‍പറേഷന്‍റെ കണക്ക്. ഇത്രയും തുക പല വില്‍പനശാലകളിലും സൂക്ഷിക്കുന്നത് സുരക്ഷപ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. പിഒഎസ് സംവിധാനം വരുന്നതോടെ ഇതിന് പരിഹാരമാകും.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പറേഷന്‍റെ വിറ്റുവരവ് 12,937 കോടി രൂപയാണ്. ഇതില്‍ 10,608 കോടി രൂപയുടെ ചില്ലറ വില്‍പനശാലകള്‍ വഴിയാണ് കോര്‍പറേഷന് ലഭിക്കുന്നത്. 
 

click me!