കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ ലയിക്കുന്നു; പുതിയ നീക്കവുമായി കേന്ദ്രം

By Web DeskFirst Published Oct 31, 2017, 2:33 PM IST
Highlights

ദില്ലി: സ്റ്റേറ്റ് ബാങ്കിന് പുറമേ കൂടുതൽ പൊതുമേഖല ബാങ്കുകളുടെ ലയനം യാഥാർത്ഥ്യമാവുന്നു. ലയനം സംബന്ധിച്ച തീരുമാനം എടുക്കാൻ കേന്ദ്രധനമന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതി രൂപീകരിച്ചു. ബാങ്കിങ് പരിഷ്കാരങ്ങളുടെ ഭാഗമായി ലയനം നടപ്പാക്കാനാണ് നീക്കം. എതിർപ്പുകളെ അവഗണിച്ച് പൊതുമേഖല ബാങ്കുകളുടെ ലയനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാർ തീരുമാനം. 

ഇതിന്റെ ഭാഗമായാണ് ലയനം സംബന്ധിച്ച തീരുമാനം എടുക്കാൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി അധ്യക്ഷനായി മൂന്നംഗ സമിതി രൂപീകരിച്ചത്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. 

ബാങ്കുകളുടെ ശാക്തീകരണത്തിന് 2.11 ലക്ഷം കോടി രൂപയുടെ മൂലധന പാക്കേജ് കേന്ദ്രം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ബാങ്കിങ് പരിഷ്കരണത്തിന്‍റെ അടുത്ത ഘട്ടമായി ലയനം പ്രാവർത്തികമാക്കാനാണ് ശ്രമം. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് ശേഷം 21 പൊതുമേഖല ബാങ്കുകളാണ് രാജ്യത്തുള്ളത്. ഇവയെ സംയോജിപ്പിച്ച് ആറോ പന്ത്രണ്ടോ ബാങ്കുകളാക്കാനാണ് ശ്രമം. ലയനം പൂർത്തിയായാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമതായി പഞ്ചാബ് നാഷണൽ ബാങ്ക് വളരും. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയായിരിക്കും മറ്റ് വലിയ ബാങ്കുകൾ. 

എന്നാൽ ഏതൊക്കെ ബാങ്കുകളെ പ്രമുഖ ബാങ്കുകളിൽ ലയിപ്പിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. രാജ്യത്തെ മൊത്തം ബാങ്കിങിന്റെ 70 ശതമാനവും പൊതുമേഖല ബാങ്കുകളുടെ കൈവശമാണ്. എന്നാൽ നിഷ്ക്രിയ ആസ്തിയിൽ 80 ശതമാനവും ഈ ബാങ്കുകളുടെ കൈവശം തന്നെ എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
 

click me!