കടലില്‍ എവിടെ മത്സ്യമുണ്ടെന്ന് നാല് ദിവസം മുന്‍പ് എസ്.എം.എസ് വഴി അറിയാം

By Web DeskFirst Published Nov 25, 2017, 6:47 PM IST
Highlights

കടലിലെ മത്സ്യ ലഭ്യത ദിവസങ്ങള്‍ക്ക് മുമ്പെ പ്രവചിക്കാന്‍ സാങ്കേതിക വിദ്യയുമായി സി.എം.എഫ്.ആര്‍.ഐ ഉപഗ്രഹങ്ങള്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പ്രവചനം സാധ്യമാകുന്ന രീതിയിലാണ് ഐ.എസ്.ആര്‍.ഒയുമായി ചേര്‍ന്ന് സമുദ്ര എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുക. ഇതോടെ കടലില്‍ മീന്‍ എവിടെയെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നാല് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫോണില്‍ എസ്.എം.എസ് എത്തും.

കടലില്‍ മീന്‍ലഭ്യത കുറയുന്ന എന്ന ആശങ്ക മത്സ്യബന്ധന തൊഴിലാളികള്‍ ഉയര്‍ത്തുന്നതിനിടെയാണ് സി.എം.എഫ്.ആ‌ര്‍.ഐയുടെ സംരംഭം. നിലവില്‍ തത്സമയം മാത്രമാണ് മത്സ്യലഭ്യത കടലില്‍ ഇറങ്ങിയ തൊഴിലാളികള്‍ക്ക് അറിയാനാവുക. എന്നാല്‍ സമുദ്ര പദ്ധതി നടപ്പിലായാല്‍ നാല് ദിവസം മുമ്പെ തന്നെ കടലില്‍ മത്സ്യലഭ്യത കൂടുതലുള്ള സ്ഥലം കണ്ടെത്താം. മീനുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളിലെ വെള്ളത്തിലടങ്ങിയ വിവിധ ഘടകങ്ങളും ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിശദാംശങ്ങളും പരിശോധിച്ചാണ് ഇത് സാധ്യമാകുന്നത്. മത്സ്യലഭ്യതയുള്ള പ്രദേശത്തിന്‍റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍  തൊഴിലാളികള്‍ക്ക് എസ്.എം.എസ്സായി എത്തുന്നു. ഇതോടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മീന്‍ കിട്ടാനും ഇന്ധന ചിലവ് വന്‍ തോതില്‍ കുറക്കാനും സാധിക്കും. ഡീസല്‍ വാതക മാലിന്യം  തള്ളുന്നതും ഒഴിവാക്കാം.

ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്‍ററുമായി ചേര്‍ന്ന് സംയുക്ത ഗവേഷണം ആദ്യ തുടങ്ങിയിരിക്കുന്നത് തമിഴ്നാട് തീരത്താണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണ്ണതോതില്‍ കേരള തീരത്ത് നടപ്പാക്കാനാകുമെന്നാണ് സി.എം.എഫ്.ആര്‍.ഐയുടെ പ്രതീക്ഷ. ചുഴലിക്കൊടുങ്കാറ്റ് പോലെ കടലിലെ പ്രതിഭാസങ്ങളെ കുറിച്ചും ഈ സംവിധാനം വഴി നേരത്തെ സൂചന ലഭിക്കും.

click me!