പച്ചത്തേങ്ങയ്‍ക്ക് റെക്കോര്‍ഡ് വില

By Web DeskFirst Published Nov 13, 2017, 8:08 PM IST
Highlights

പച്ചത്തേങ്ങയ്‍ക്ക് റെക്കോര്‍ഡ് വില. കിലോയ്‌ക്ക് 55 രൂപ വരെയാണ് ചില്ലറ വിപണിയിലെ വില. ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. എന്നാല്‍ വിലവര്‍ദ്ധനയുടെ നേട്ടം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

മലബാറിലെ പ്രധാന തേങ്ങ ഉത്പാദന കേന്ദ്രമായ കുറ്റ്യാടിയില്‍ പച്ചത്തേങ്ങയുടെ മൊത്ത വില കിലോയ്‌ക്ക് 42 രൂപ വരെയാണ്. ചില്ലറ വിപണിയിലെത്തുമ്പോള്‍ വില 55 രൂപ വരെയായി ഉയരും. അതായത് ഒരു തേങ്ങയ്‍ക്ക് ശരാശരി വില 25 രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഒരു കിലോ തേങ്ങയ്‍ക്ക് 20 മുതല്‍ 25 രൂപ വരെ മാത്രമായിരുന്നു വില.
 
മഴ കുറഞ്ഞതോടെ കേരളത്തിലെ നാളികേര ഉത്പാദനം 40 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്. മഴക്കുറവ് തേങ്ങയുടെ തൂക്കത്തിലും കാര്യമായ കുറവ് വരുത്തി.
 
തേങ്ങവില വര്‍ദ്ധിച്ചതിനൊപ്പം വെളിച്ചെണ്ണ വിലയും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. ഇക്കുറി മെച്ചപ്പെട്ട മഴ ലഭിച്ചതിനാല്‍ അടുത്ത സീസണില്‍ വിളവ് വര്‍ദ്ധിക്കുമെന്നാണ് കര്‍ഷകരുടെ  പ്രതീക്ഷ.

click me!