കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളുടെ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

By Web DeskFirst Published Dec 5, 2016, 7:59 AM IST
Highlights

റിസര്‍വ്വ് ബാങ്ക് വിലക്കിനെതിരെ കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ നൽകിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. നോട്ടുപിൻവലിക്കൽ തീരുമാനം നരേന്ദ്ര മോദി ഭരണത്തിന്‍റെ അന്ത്യംകുറിക്കുമെന്ന് ഹിന്ദുമഹാസഭ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അവധിയിലായ സാഹചര്യത്തിലാണ് സഹകരണ ബാങ്ക് കേസ് സുപ്രീംകോടതി വെള്ളിയാഴ്ചത്തേയ്‍ക്കു മാറ്റിവെച്ചത്. സഹകരണ ബാങ്കുകൾക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്കിനെ ന്യായീകരിക്കാൻ കെവൈസി മാനദണ്ഡം പാലിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് കേന്ദ്ര സര്‍ക്കാർ ഉയര്‍ത്തിയത്. കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന നബാര്‍ഡ് റിപ്പോര്‍ട്ട് കേരളത്തിലെ ജില്ലാ ബാങ്കുകൾ ഇന്ന് സുപ്രീംകോടതിയിൽ സമര്‍പ്പിക്കാനിരുന്നത്. കേസ് വെള്ളിയാഴ്ചത്തേയ്‍ക്കു മാറ്റിയ സാഹചര്യത്തിൽ അന്ന് ജില്ലാ ബാങ്കുകൾക്ക് വേണ്ടി ഹാജരാകുന്ന കപിൽ സിബൽ നബാര്‍ഡിന്റെ റിപ്പോര്‍ട്ട് കോടതിയെ അറിയിക്കും. ഇതിനിടെ നോട്ടുകൾ പിൻവലിച്ച തീരുമാനത്തെ വിമര്‍ശിച്ച് ഹിന്ദുമഹാസഭ രംഗത്തെത്തി. തീരുമാനം മോദി ഭരണത്തിന്‍റെ അന്ത്യമാകുമെന്ന് ഹിന്ദുമഹാസഭ സെക്രട്ടറി ജനറൽ പൂജ ശകുൻ പാണ്ഡെ ആരോപിച്ചു. ഇതിനിടെ നോട്ടുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾ കേന്ദ്രീകരിച്ച് വ്യാപക തിരിമറി നടക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ദില്ലിയിൽ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ ഇ ഡി അറസ്റ്റ് ചെയ്തു.

click me!