ആക്സിസ് ബാങ്കിന്റെ ഗ്യാരന്റി സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Mar 20, 2018, 7:50 PM IST
Highlights

ഗ്യാരന്റി പാലിക്കാന്‍ കഴിയാത്തത് ഗുരുതരമായ വിശ്വാസ വഞ്ചനയും സര്‍ക്കാറുമായുണ്ടാക്കിയ കരാറുകളുടെ ലംഘനവുമാണെന്ന് കത്തില്‍ ടെലികോം മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

ദില്ലി: ആക്സിസ് ബാങ്ക് നല്‍കുന്ന ബാങ്ക് ഗ്യാരന്റികള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കി രാജ്യത്തെ എല്ലാ ടെലികോം, ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കത്തുനല്‍കി. എയല്‍സെല്‍ കമ്പനിയുടെ പേരില്‍ ആക്സിസ് ബാങ്ക് നല്‍കിയ ഗ്യാരന്റി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഗ്യാരന്റി പാലിക്കാന്‍ കഴിയാത്തത് ഗുരുതരമായ വിശ്വാസ വഞ്ചനയും സര്‍ക്കാറുമായുണ്ടാക്കിയ കരാറുകളുടെ ലംഘനവുമാണെന്ന് കത്തില്‍ ടെലികോം മന്ത്രാലയം കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് ഇനി ആകിസിസ് ബാങ്ക് നല്‍കുന്ന ഒരു ഗ്യാരന്റിയും അംഗീകരിക്കില്ലെന്നാണ് തീരുമാനം. ആസ്തി സംബന്ധിച്ച്  ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ നല്‍കുന്ന ഉറപ്പിനെയാണ് ബാങ്ക് ഗ്യാരന്റിയെന്ന് വിളിക്കുന്നത്. പണം നല്‍കാന്‍ ബന്ധപ്പെട്ട വ്യക്തി തയ്യാറായില്ലെങ്കില്‍ അത് ബാങ്ക് നല്‍കുമെന്നാണ് ഗ്യാരന്റികളിലെ ധാരണ. 

സ്പൈക്ട്രം യൂസേജ് ചാര്‍ജ് ഉള്‍പ്പെടെ 411 കോടി രൂപ എയല്‍സെല്‍ സര്‍ക്കാറിന് നല്‍കാനുള്ളത്. എന്നാല്‍ കടബാധ്യതകളും വിപണിയിലെ മറ്റ് പ്രതിസന്ധികളും ചൂണ്ടിക്കാട്ടി പാപ്പര്‍ ഹര്‍ജി നല്‍കാന്‍ കമ്പനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് ബാങ്ക് നല്‍കിയ ഗ്യാരന്റിയില്‍ നിന്ന് ഈ പണം ഈടാക്കാന്‍ ടെലികോം വകുപ്പ് നീക്കം തുടങ്ങിയത്. കമ്പനി നിയമ ട്രിബ്യൂണലില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചാല്‍ പണം ഈടാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയായിരുന്നു ഇത്. എന്നാല്‍ പണം നല്‍കാനാവില്ലെന്ന മറുപടിയാണ് ആക്സിസ് ബാങ്ക് നല്‍കിയത്. ഇതാണ് ടെലികോം മന്ത്രാലയത്തെ ചൊടിപ്പിച്ചത്.

എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ പണം നല്‍കുന്നത് കമ്പനി നിയമ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരാണെന്നാണ് ആക്സിസ് ബാങ്കിന്റെ വിശദീകരണം. തങ്ങള്‍ ഭാരതി എയര്‍ടെല്ലിന്റെ പേരിലാണ് ഗ്യാരന്റി നല്‍കിയതെന്നും 2016ല്‍ എയര്‍സെല്ലും എയര്‍ടെല്ലും തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ചാണ് സ്പെക്ട്രം ഏറ്റെടുത്തതെന്നും ബാങ്ക് വിശദീകരിക്കുന്നു. ട്രിബ്യൂണലില്‍ നിന്ന്  അനുകൂല ഉത്തരവ് കിട്ടിയാല്‍ നിയമാനുസൃതമായി പണം നല്‍കുമെന്നും ആക്സിസ് ബാങ്ക് വക്താവ് അറിയിച്ചു.

click me!