ഡബിള്‍ ഡക്കര്‍ ട്രെയിന്‍ 'ഉദയ് എക്‌സ്പ്രസ്സ്' ഉടന്‍ സര്‍വ്വീസ് തുടങ്ങും

By Web DeskFirst Published Dec 11, 2017, 11:22 PM IST
Highlights

ചെന്നൈ: ദീര്‍ഘദൂര പാതകളിലെ ഓട്ടത്തിനായി ഇന്ത്യന്‍ റെയില്‍വേ പുറത്തിറങ്ങുന്ന ഡബിള്‍ ഡക്കര്‍ ട്രെയിനായ ഉദയ് എക്‌സ്പ്രസ്സ് അടുത്ത വര്‍ഷം സര്‍വ്വീസ് ആരംഭിക്കും. കോയമ്പത്തൂര്‍-ബെംഗളൂരു, ബാന്ദ്ര-ജാംനഗര്‍, വിശാഖപട്ടണം-വിജയവാഡ എന്നീ റൂട്ടുകളിലാണ് ഉദയ് എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിക്കുന്നത്. 

ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എ.സി യാത്രി എക്‌സ്പ്രസ്സ് എന്ന ഉദയ് എക്‌സ്പ്രസ്സ് 2016-17 റെയില്‍വെ ബജറ്റിലാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ മൂന്ന് കോച്ചുകളുമായാണ് തീവണ്ടിയുടെ പരീക്ഷണഓട്ടം ആരംഭിച്ചത്. 80 കി.മീ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. പിന്നീട് ഡിസംബര്‍ അഞ്ചിന് കോയമ്പത്തൂര്‍-ബെംഗളൂരു പാതയില്‍ മണിക്കൂറില്‍ 100 കി.മീ വേഗതയില്‍ ഉദയ് പരീക്ഷണസര്‍വ്വീസ് നടത്തിയിരുന്നു. 

മികച്ച എക്സ്റ്റീരിയറോട് കൂടിയ എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍സിഡി സ്‌ക്രീനുകള്‍, ഓട്ടോമാറ്റിക് ഫുഡ് വെല്‍ഡിംഗ് മെഷീനുകള്‍, ഡൈനിംഗ് ഏരിയ, വിനോദത്തിനായി എല്‍സിടി സ്‌ക്രീനുകള്‍ എന്നീ സൗകര്യങ്ങള്‍ ഉദയ് എക്‌സ്പ്രസ്സിലുണ്ടാവും. ബയോ ടോയ്‌ലറ്റുകളാണ് ഉദയ് എക്‌സ്പ്രസ്സിന്റെ മറ്റൊരു പ്രത്യേകത. 

സാധാരണ ട്രെയിനുകളേക്കാള്‍ 40 ശതമാനം അധികം പേരെ വഹിക്കാന്‍ സാധിക്കും എന്നതാണ് ഡബിള്‍ ഡക്കര്‍ ട്രെയിനുകളുടെ പ്രത്യേകത. അതിനാല്‍ തന്നെ തിരക്കേറിയ റൂട്ടുകളിലാവും ഈ ട്രെയിന്‍ ആദ്യമെത്തുക. നിലവില്‍ പ്രഖ്യാപിച്ച മൂന്ന് സര്‍വ്വീസുകളില്‍ ബെംഗളൂരു-കോയമ്പത്തൂര്‍ സര്‍വ്വീസാണ് ഉടന്‍ ആരംഭിക്കുന്നത്. 

5.40-ന് കോയമ്പത്തൂരില്‍ നിന്നാരംഭിക്കുന്ന സര്‍വ്വീസ് 12.40-ന് ബെംഗളൂരുവില്‍ അവസാനിക്കും. 2.15-ന് തിരിച്ചു പുറപ്പെടുന്ന വണ്ടി 9 മണിക്ക് കോയമ്പത്തൂരില്‍ തിരിച്ചെത്തും. നിലവില്‍ ചെന്നൈ-ബെംഗളൂരു പാതയില്‍ ഒരു ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഓടുന്നുണ്ട്. തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഓടിക്കുന്ന കാര്യം റെയില്‍വെ പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം ചര്‍ച്ചയായില്ല. 


 

click me!