ട്രഷറി നിയന്ത്രണം വേണ്ടിവരും, മുന്നറിയിപ്പുമായി ഡോ. തോമസ് ഐസക്

By Web DeskFirst Published Nov 16, 2017, 7:23 PM IST
Highlights

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ശമ്പള- പെൻഷൻ ബാധ്യത ഉയർന്നതോടെ , അടുത്തമാസം ട്രഷറി നിയന്ത്രണമേർപ്പെടുത്താനാണ് സർക്കാർ നീക്കം. ജനുവരി വരെ ട്രഷറി നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതീക്ഷിച്ച ജിഎസ്‍ടി വരുമാനം കിട്ടാഞ്ഞതോടെ  സംസ്ഥാനം ഗുരുതര സാമ്പത്തിക ഞെരുക്കത്തിലേക്ക്. ബില്ലുകൾ മാറാതെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്‍ചയൊന്നായി. മുൻ വർഷങ്ങളിലെ വായ്‍പയിനത്തിൽ സർക്കാരിന് ഇപ്പോൾ തിരിച്ചടക്കേണ്ടിവന്നത് 800 കോടി രൂപ.  ഒപ്പം പദ്ധതിച്ചെലവ് കൂടുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. പെൻഷൻ കുടിശ്ശിക ഇനത്തിൽ  അടുത്തമാസം  കണ്ടെത്തേണ്ടത് 79 കോടി രൂപ.  ക്ഷേമ പെൻഷൻ ഇനത്തിൽ ഡിസംബറിൽ  നൽകേണ്ടത് 1500 കോടി രൂപ.  ജീവനക്കാരുടെ ശമ്പളവും പെൻഷനും ഇതിന് പുറമേ.   ജി എസ് ടി നഷ്ടപരിഹാരത്തുക സംസ്ഥാനത്തിന് കിട്ടുക രണ്ടുമാസത്തിലൊരിക്കൽ. ഇതിൽ കുറവ് വന്നത് 1000 കോടി രൂപ. ഒരു സാമ്പത്തിക വർഷം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധിയും കടന്നു. ഇനി കടമെടുക്കാൻ സാധിക്കുക ജനുവരിയിൽ.

നിലവിൽ  നിത്യച്ചെലവിന് ബുദ്ധിമുട്ടില്ലെന്നത്  ഒഴിച്ചാൽ  ഗുരുതര പ്രതിസന്ധിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. അതിനാൽത്തന്നെ ട്രഷറി നിയന്ത്രണം  രണ്ടുമാസത്തേക്ക്  തുടരും. വൻ തുകയ്ക്കുളള   ബില്ലുകൾ പതുക്കെ മാറിനൽകിയാൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. എന്നാല്‍ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനവകുപ്പ് ഉറപ്പ് പറയുന്നു.

click me!