ഇന്ത്യയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാന്‍ ആസിയാന്‍: മേഖലയിലെ ഇന്ത്യയുടെ പ്രാധാന്യം വലുതെന്ന് ഇന്ത്യ- ആസിയാന്‍ ഉച്ചകോടി

By Web TeamFirst Published Nov 3, 2019, 11:42 PM IST
Highlights

സമുദ്രസുരക്ഷ, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയോട് കൂടുതല്‍ സഹകരിക്കാനും ആസിയാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ കര- നാവിക- വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ ഇനിയും വികസിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പറ‍ഞ്ഞു.

ദില്ലി: ഇന്ത്യയും ആസിയാനും തമ്മിലുള്ള ഇന്തോ- പസഫിക് സമീപനത്തില്‍ നിന്നുകൊണ്ടുളള പരസ്പര ഏകോപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി ഇന്തോ- പസഫിക് കാഴ്ചപ്പാടിന്റെ ഒരു പ്രധാന ഭാഗമാണ്. ആസിയാൻ എല്ലായ്പ്പോഴും ഞങ്ങളുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഹൃദയമായിരിക്കും. സംയോജിതവും സംഘടിതവും സാമ്പത്തികമായി വികസിക്കുന്നതുമായ ആസിയാൻ ഇന്ത്യയുടെ അടിസ്ഥാന താൽപ്പര്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം 16 മത് ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയില്‍ പറഞ്ഞു. 

സമുദ്രസുരക്ഷ, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയോട് കൂടുതല്‍ സഹകരിക്കാനും ആസിയാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ കര- നാവിക- വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ ഇനിയും വികസിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍  പറ‍ഞ്ഞു.

ഉച്ചകോടിക്ക് ശേഷം ഇന്ത്യ-തായ്‍ലാന്‍റ് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധ മേഖലയിലെ സഹകരണത്തിന് തീരുമാനമായത്. പ്രതിരോധ ആയുധ നിര്‍മ്മാണത്തിലുള്‍പ്പടെ സഹകരിക്കാനാണ് തീരുമാനം. അതേ സമയം ആര്‍സിഇപി കരാര്‍ ഉച്ചകോടിയുടെ അവസാന ദിനമായ നാളെ പ്രഖ്യാപിക്കാനായിരുന്നു ചൈനടയക്കമുള്ള രാജ്യങ്ങളുടെ നീക്കം.

എന്നാല്‍, ചില ഉത്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരമായിട്ടില്ല. കരാര്‍ രൂപീകരണ പ്രഖ്യാപനത്തില്‍ ഇന്ത്യ പങ്കെടുക്കുമെങ്കിലും ജൂണില്‍ സംയുക്ത കരാര്‍ യാഥാര്‍ത്ഥ്യമാക്കാമെന്ന നിര്‍ദ്ദേശമാകും മുന്‍പോട്ട് വയ്ക്കുക. ആര്‍സിഇപി കരാറിനെ ആര്‍എസ്എസ് തള്ളിയത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

click me!