നിര്‍ണായക യോഗം ചേരാന്‍ പോകുന്നു; രാജ്യത്ത് വിലക്കയറ്റം ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍

By Web TeamFirst Published Dec 17, 2019, 5:52 PM IST
Highlights

ഉപഭോക്താക്കളും വ്യവസായവും ദുരിതപൂര്‍ണായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്നാണ് പശ്ചിമ ബംഗാള്‍ അഭിപ്രായപ്പെട്ടത്. 

ദില്ലി: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ ബുധനാഴ്ച യോഗം ചേരും. നാളത്തെ ജിഎസ്ടി കൗൺസിൽ യോഗത്തില്‍ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നികുതി ഘടന അവലോകനം ചെയ്യും. പ്രതീക്ഷിച്ചതിലും താഴെയുള്ള ജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വൈകുന്നതിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നികുതി ഉയര്‍ത്തി വരുമാന വര്‍ധനവിനെക്കുറിച്ച് കൗണ്‍സില്‍ ആലോചിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിനിടയിൽ സെസ് നിരക്കുകളെയോ നിരക്ക് കാലിബ്രേഷനെയോ ഉയർത്തുന്നതിനെ പശ്ചിമ ബംഗാള്‍ എതിർത്തു. ഉപഭോക്താക്കളും വ്യവസായവും ദുരിതപൂര്‍ണായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്നാണ് പശ്ചിമ ബംഗാള്‍ അഭിപ്രായപ്പെട്ടത്. നികുതി നിരക്കുകള്‍ ഉയര്‍ത്തിയാല്‍ വിലക്കയറ്റം ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

വരുമാനക്കുറവ് വളരെ വലുതായിക്കൊണ്ടിരിക്കുമ്പോൾ, ജിഎസ്ടി നിരക്കും സെസും ഉയര്‍ത്തി ഈ വിടവ് നികത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നാളെ കൗണ്‍സിലിന്‍റെ മുന്‍പാകെ വയ്ക്കും. നേരത്തെ സെപ്റ്റംബറിൽ നടന്ന 37-ാമത് യോഗത്തിൽ ജിഎസ്ടി കൗൺസിൽ കഫീൻ പാനീയങ്ങൾക്ക് ബാധകമായ നികുതി നിരക്ക് 40 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു.  

ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് ജിഎസ്ടി കൗൺസിൽ യോഗം ചേരുന്നത്. പരോക്ഷനികുതി ഭരണകൂടത്തിന്റെ തീരുമാനമെടുക്കുന്ന കൗണ്‍സിലിന്‍റെ 38-ാമത് യോഗമാണിത്. ജിഎസ്ടി അല്ലെങ്കിൽ ചരക്ക് സേവന നികുതി 2017 ജൂലൈയിൽ പുറത്തിറങ്ങിയതുമുതൽ, നികുതി നിരക്കും അന്തിമകാലാവധി സമർപ്പിക്കുന്നതും ഉൾപ്പെടെ ജിഎസ്ടി നിയമത്തിൽ കൗൺസിൽ നിരവധി മാറ്റങ്ങൾ വരുത്തി. ജിഎസ്ടി പിരിവ് കുറയുന്നതുമൂലം ധനക്കമ്മി വർദ്ധിക്കുന്നതായി സർക്കാർ ഉറ്റുനോക്കുന്ന സമയത്താണ് ജിഎസ്ടി കൗൺസിലിന്റെ 38 മത് യോഗം ചേരുന്നത്.

click me!