ആശങ്ക വേണ്ട, ഉള്ളി വരും: ഇറക്കുമതി ഉയര്‍ത്താന്‍ നീക്കം; വില കുറഞ്ഞേക്കും

By Web TeamFirst Published Nov 26, 2019, 12:00 PM IST
Highlights

ഉള്ളി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പെയ്ത മഴയും തിരിച്ചടിയായി.

ദില്ലി: ഉള്ളിയുടെ ആഭ്യന്തര വിതരണം ശക്തിപ്പെടുത്താനും വില നിയന്ത്രിക്കാനുമായി ഈജിപ്തിൽ നിന്ന് ഇറക്കുമതിക്ക് നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടൺ ഉള്ളി ഇറക്കുമതി ചെയ്യുന്നത്. ഇത് അധികം വൈകാതെ മുംബൈ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മാസം നൂറ് രൂപയിലേക്കാണ് ഉള്ളി വില ഉയർന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരുന്നു. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി, നാഫെഡിലൂടെ വിപണിയിലെത്തിക്കും.

ഈ വർഷത്തെ ഖാരിഫ് വിളയിൽ 26 ശതമാനത്തോളം കുറവ് വന്നതാണ് വില അനിയന്ത്രിതമായി ഉയരാൻ കാരണം.  ഉള്ളി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പെയ്ത മഴയും തിരിച്ചടിയായി.

സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വിളയുടെ വിതരണം തടസ്സപ്പെട്ടു. അതേസമയം ഉള്ളിയുടെ കയറ്റുമതി തടഞ്ഞും സൂക്ഷിക്കാവുന്ന സ്റ്റോക്കിൽ പരിധി നിശ്ചയിച്ചും സർക്കാർ വിപണിയിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്.

click me!