'ചൈന റെഡി'യാണ് !, കേരളത്തിലേക്ക് ചൈനീസ് വിനോദസഞ്ചാരികളെ എത്തിക്കാന്‍ പദ്ധതി: എന്താണ് ഈ ചൈന റെഡി പ്രോഗ്രാം

By Web TeamFirst Published Oct 1, 2019, 12:01 PM IST
Highlights

 ഈ വിപണി ലക്ഷ്യമാക്കി കേരള ടൂറിസം സര്‍ക്കാരുകളെയും ബിസിനസ് പങ്കാളികളെയും സഞ്ചാരികളെയും പങ്കെടുപ്പിച്ച് 'ചൈന റെഡി' എന്ന സുസ്ഥിര പ്രചാരണ പരിപാടി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: ലോകത്തെ 48 ഓളം രാജ്യങ്ങളില്‍ നടത്തിയ ചൈന റെഡി പദ്ധതി കേരള ടൂറിസത്തിലൂടെ ഇന്ത്യയിലും നടപ്പാക്കുന്നു. ഇതോടനുബന്ധിച്ച് ചൈനീസ് പ്രതിനിധികള്‍ക്കായി കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചുവരെ  യാത്രാപരിപാടിയും സംഘടിപ്പിക്കും. ചൈനീസ് വിനോദസഞ്ചാരികളുടെ രീതികള്‍ മനസിലാക്കാനും ഈ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനും കേരള ടൂറിസം വിനോദസഞ്ചാര വ്യവസായ പങ്കാളികളെ ഉള്‍പ്പെടുത്തി ശില്പശാല കഴിഞ്ഞ ദിവസം നടന്നിരുന്നു. 

ചൈന അതിവേഗം വളരുന്ന വിപണിയാണെന്നും 15 കോടി വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഈ വിപണി ലക്ഷ്യമാക്കി കേരള ടൂറിസം സര്‍ക്കാരുകളെയും ബിസിനസ് പങ്കാളികളെയും സഞ്ചാരികളെയും പങ്കെടുപ്പിച്ച് 'ചൈന റെഡി' എന്ന സുസ്ഥിര പ്രചാരണ പരിപാടി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

ചൈനീസ് വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും കേരളത്തിനും ചൈനയ്ക്കുമിടയില്‍ ചരിത്രപരവും സാസ്കാരികവുമായ അഗാധ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയ വെല്‍കം ചൈന ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ മാര്‍ക്കസ് ലീ പക്ഷേ, ഇവിടം തങ്ങളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. 

ആത്മീയവും ആയോധനപരവുമായ ബന്ധങ്ങള്‍ പോലും നിലനില്‍ക്കുന്ന ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ ടൂറിസം മേഖലയിലുള്ള സഹകരണവും വര്‍ധിക്കുമെന്ന് ലീ ചൂണ്ടിക്കാട്ടി. 

ചൈന റെഡി പ്രോഗ്രാമിലൂടെ കേരള ടൂറിസത്തിന് സാംസ്കാരികമായി മാത്രമല്ല പരസ്പരം പ്രയോജനപ്പെടുന്ന സാമ്പത്തിക ബന്ധം സ്ഥാപിക്കാനുള്ള അവസരങ്ങള്‍ കൂടി തുറന്നുകിട്ടുകയാണെന്ന് ശില്ശാല ഉദ്ഘാടനം ചെയ്ത ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. 

ചൈനീസ് സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആ രാജ്യത്തില്‍നിന്നുള്ള വരുമാനവും വര്‍ധിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു. 

കേരളത്തിലെ നാല്പതോളം ഹോട്ടല്‍ പ്രതിനിധികളെയും  ടൂര്‍ ഓപ്പറേറ്റര്‍മാരെയും പങ്കെടുപ്പിച്ചാണ് ശില്പശാല നടത്തിയത്. ഇതുവരെ 48 രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള ചൈന റെഡി പ്രോഗ്രാം ഇതാദ്യമായാണ് കേരള ടൂറിസം വഴി ഇന്ത്യയില്‍ നടത്തുന്നത്. ഇതോടനുബന്ധിച്ച് ചൈനീസ് പ്രതിനിധികള്‍ക്കായി കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചുവരെ  യാത്രാപരിപാടിയും സംഘടിപ്പിക്കും. ചൈനീസ് സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് എന്തൊക്കെ സജ്ജീകരണങ്ങളാണ് വേണ്ടതെന്ന് മനസിലാക്കിക്കുന്നതിനു വേണ്ടിയാണ് ഈ പരിചയ പരിപാടി.

click me!