14 മതിയെന്ന് സര്‍ക്കാര്‍, 20 വേണമെന്ന് സിഎജി: കിഫ്ബി ഓഡിറ്റ് വിഷയത്തിലെ പോരിന് പിന്നിലെ വാദങ്ങള്‍

By Web TeamFirst Published Nov 13, 2019, 3:21 PM IST
Highlights

1971 ലെ ഡിപിസി ആക്ടിലെ സെക്ഷന്‍ 20 പ്രകാരം കിഫ്ബിയില്‍ ഓഡിറ്റ് വേണമെന്നാണ് സിഎജി വാദിക്കുന്നത്. ഇത് സമഗ്ര ഓഡിറ്റാകുമെന്നും അവര്‍ പറയുന്നു. 

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കിഫ്ബിയിലെ സിഎജി ഓഡിറ്റുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ കേരളത്തെ ഇളക്കിമറിക്കുകയാണ്. 1971ലെ ഡിപിസി ആക്ട് 20 (2) പ്രകാരം കിഫ്ബിയില്‍ സമഗ്ര ഓഡിറ്റ് അനുവദിക്കണമെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ (സിഎജി) കത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. കിഫ്ബിയില്‍ സമഗ്ര ഓഡിറ്റിന് അനുമതി നല്‍കണമെന്ന് കാണിച്ച് ഇത് നാലാം തവണയാണ് സിഎജി സര്‍ക്കാരിന് കത്ത് നല്‍കുന്നത്. 

സിഎജിയുടെ കടമകളും അധികാരങ്ങളും വ്യക്തമാക്കുന്ന ഡിപിസി ചട്ടം 14 പ്രകാരം കിഫ്ബിയില്‍ ഓഡിറ്റ് നടത്താന്‍ സിഎജി സംവിധാനത്തിന് അധികാരമുണ്ട്. എന്നാല്‍, കിഫ്ബിക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റുകള്‍ മാത്രമേ ഇത്തരത്തില്‍ ഓഡിറ്റ് ചെയ്യാന്‍ സാധിക്കുകയൊള്ളുവെന്നാണ് സിഎജി പറയുന്നത്. ഇതേ ചട്ടത്തില്‍ തന്നെ സ്ഥാപനത്തിന്‍റെ ആകെ ചെലവിന്‍റെ 75 ശതമാനം സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റില്‍ നിന്നാണെങ്കില്‍ മാത്രമേ കിഫ്ബിക്ക് 14(1) പ്രകാരം ഓഡിറ്റ് ചെയ്യാന്‍ അനുവാദം ഉണ്ടാകുവെന്നും വ്യവസ്ഥയുണ്ട്.

കിഫ്ബിയില്‍ വലിയതോതില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് നിക്ഷേപം എത്തുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ 14(1) പ്രകാരമുളള ഓഡിറ്റ് തടസ്സപ്പെടും. അതിനാലാണ് ചട്ടം 20 (2) പ്രകാരമുളള സമഗ്ര ഓഡിറ്റിന് അനുമതി വേണമെന്ന് സിഎജി വാദിക്കുന്നത്. ഇത് നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുമെന്നും സിഎജി പറയുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായമുളള സ്ഥാപനങ്ങളുടെയോ അതോറിറ്റികളുടെയോ വരവുകളും ചെലവുകളും ഓഡിറ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന 1971 ലെ ഡിപിസി ആക്ടിലെ ഉള്‍പ്പെടുന്ന സെക്ഷനാണ് 14. 2015- 16 ല്‍ കിഫ്ബിക്കുളള സര്‍ക്കാര്‍ സഹായം 1010 കോടി രൂപയായിരുന്നത് 2018- 19 ല്‍ 160 കോടി രൂപയായി കുറഞ്ഞു, എന്നാല്‍, 2015- 16 ല്‍ സ്ഥാപനത്തിന്‍റെ ആകെ ചെലവ് 0.24 കോടി ആയിരുന്നെങ്കില്‍ ഇപ്പോഴത് (2018- 19) 1,487.26 കോടി രൂപയായി ഉയരുകയും ചെയ്തു.  

കേരള സര്‍ക്കാര്‍ സിഎജിയോട് പറയുന്നത്

1971 ലെ ഡിപിസി ആക്ടിലെ സെക്ഷന്‍ 20 പ്രകാരം കിഫ്ബിയില്‍ ഓഡിറ്റ് വേണമെന്നാണ് സിഎജി വാദിക്കുന്നത്. ഇത് സമഗ്ര ഓഡിറ്റാകുമെന്നും അവര്‍ പറയുന്നു. സിഎജി ഓഡിറ്റ് ബാധകമല്ലാത്ത സ്ഥാപനങ്ങളില്‍ അതിന് അനുമതി തേടുന്ന വകുപ്പാണ് 20 (2). എന്നാല്‍, കിഫ്ബിക്ക് ഇത് ബാധകമല്ലെന്നും, എല്ലാ കണക്കുകളും 14 (1) പ്രകാരം സിഎജിക്ക് ഓഡിറ്റ് നടത്താമെന്നാണ് കേരള സര്‍ക്കാര്‍ വാദം. അടുത്ത രണ്ട് വര്‍ഷത്തിനകത്ത് സ്ഥാപനത്തിന് സര്‍ക്കാര്‍ നല്‍കുന്ന ആകെ ഗ്രാന്‍റ് ചെലവിന്‍റെ 75 ശതമാനത്തിന് താഴെയാകില്ലെന്നും. രണ്ട് വര്‍ഷത്തിന് ശേഷം കിഫ്ബിയില്‍ ഓഡിറ്റ് നടത്താന്‍ സിഎജിക്ക് 14(2) പ്രകാരം സര്‍ക്കാരിന്‍റെ അനുമതി തേടാമെന്നും കേരള സര്‍ക്കാര്‍ പറയുന്നു. 

നിലവിലെ ഓഡിറ്റ്

കിഫ്ബിയുടെ രൂപീകരണത്തിന് കാരണമായ 1999 ലെ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) ആക്ടിലെ 16 -ാം വകുപ്പ് പ്രകാരം കിഫ്ബിയുടെ വാര്‍ഷിക- ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ എല്ലാ വര്‍ഷവും നിയമസഭയ്ക്ക് മുന്‍പാകെ വയ്ക്കണം. 16 (6) വകുപ്പ് പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിനും അയക്കേണ്ടതാണ്. നിലവില്‍ കിഫ്ബിയുട‍െ കണക്കുകള്‍ മുന്‍ സിഎജി വിനോദ് റായ് അടക്കമുളള വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയും സ്വകാര്യ ഓഡിറ്ററും പരിശോധിക്കുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കിഫ്ബിയുടെ കണക്കുകള്‍ സിഎജി കൂടി ഓഡിറ്റ് നടത്തിയാല്‍ കണ്ടെത്തലുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം. ഇത് നിക്ഷേപകര്‍ കിഫ്ബിയില്‍ നിന്ന് അകന്നുപോകാന്‍ കാരണമായേക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന വരുമാനത്തിന് പുറത്ത് നിന്ന് ധനസമാഹരണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ചത്. 

ദില്ലി ഹൈക്കോടതിയെ കൂട്ടുപിടിച്ച് ധനമന്ത്രി

സിഎജി ആവശ്യപ്പെടുന്നതുപോലെ കിഫ്ബിയില്‍ 20 (2) പ്രകാരമുളള ഓഡിറ്റിന് സര്‍ക്കാരിന് അനുമതി നല്‍കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട്. 14(1) പ്രകാരം സമഗ്ര ഓഡിറ്റ് സാധ്യമാണെന്നും മന്ത്രി പറയുന്നു. 14 (1) പ്രകാരമുളള ഓഡിറ്റ് സമ്പൂര്‍ണവും സമഗ്രവുമാണെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിട്ടുളളതായാണ് തോമസ് ഐസക്കിന്‍റെ വാദം. പുതിയ കേന്ദ്ര കമ്പനി നിയമം അനുസരിച്ച് കണ്ണൂര്‍ വിമാനത്താവള അതോറിറ്റിയും ഇത്തരത്തിലുളള ഓഡിറ്റിന് പുറത്താണ്. കിഫ്ബിയില്‍ 20 (2) പ്രകാരം ഓഡിറ്റ് സാധ്യമല്ലെന്ന് ഫയലില്‍ എഴുതിയിരുന്നതായും ഇക്കാര്യ സിഎജിയെ അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നവെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി എന്തുകൊണ്ടാണ് സിഎജിയുടെ കത്തിന് മറുപടി നല്‍കാത്തത് എന്ന വിഷയത്തില്‍ വിശദീകരണം തേടുമെന്നും ധനമന്ത്രിയുടെ കൂട്ടിച്ചേര്‍ത്തു. 

കിഫ്ബിയില്‍ സിഎജി ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം ശരിയല്ലെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സിഎജിക്ക് 14-ാം വകുപ്പുപ്രകാരം ഓഡിറ്റിംഗ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിംഗിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി സെപ്റ്റംബറില്‍ അഭിപ്രായപ്പെട്ടിരുന്നു.  
 

click me!