സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്; റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറിയേക്കുമെന്ന് ആശങ്ക

By Web TeamFirst Published Dec 26, 2019, 11:18 AM IST
Highlights

സ്വർണ്ണത്തിന് ഗ്രാമിന് 3,640 രൂപയും, പവൻ വില 29,120 എന്നതായിരുന്നു സർവ്വകാല റെക്കോർഡ് നിരക്ക്.

സ്വർണ്ണവില ഗ്രാമിന് 3,590 രൂപയും, പവൻ വില 28,720 രൂപയുമായി ഉയർന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. പ്രധാനമായും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് ആഭരണ വിപണിയിലും പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,500 ഡോളർ കടന്നിട്ടുണ്ട്. രൂപയുടെ വിനിമയനിരക്ക് 71. 55 ൽ എത്തിയതിനു ശേഷം ഇപ്പോൾ 71. 29 ആണ്.
 
സ്വർണ്ണത്തിന് ഗ്രാമിന് 3,640 രൂപയും, പവൻ വില 29,120 എന്നതായിരുന്നു സർവ്വകാല റെക്കോർഡ് നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിയതിനു ശേഷം കഴിഞ്ഞ രണ്ടുമാസമായി ചെറിയ ചാഞ്ചാട്ടം  മാത്രമാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര സ്വർണ വില 1,550 ഡോളർ എത്തിയപ്പോഴായിരുന്നു ഗ്രാമിന്  കേരളത്തിൽ സ്വർണ്ണവില 3,640 രൂപ ആയത്.

100 ഡോളർ വില കുറഞ്ഞ് 1,450 ഡോളറിൽ എത്തിയപ്പോഴും 3,540 രൂപ വരെയെ സ്വർണ്ണത്തിന് വില കുറഞ്ഞൊള്ളൂ. അതായത് ഗ്രാമിന് വെറും 100 രൂപ മാത്രം. പവന് 800 രൂപയുടെ കുറവ്. നമ്മുടെ സാമ്പത്തിക, വ്യാപാര മാന്ദ്യം വഴി രൂപ കൂടുതൽ ദുർബലമായതാണ് ഇതിന് കാരണം.
 
ക്രിസ്മസിന് മുമ്പുള്ള ഉയർച്ചയായി സ്വർണ്ണവിലയെ കാണാമെങ്കിലും, വില ഇനിയും ഉയർന്നേക്കാമെന്ന് ആശങ്ക വിപണിയിലുണ്ട്. ലോകം ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതിനാൽ പുതുവത്സരത്തിന് ശേഷം മാത്രമേ വിപണികൾ സജീവമാകുകയുള്ളൂ. കേരളത്തിൽ വിപണി നിലിവില്‍ ദുർബലമാണ്. അടുത്ത ദിവസങ്ങളില്‍ പുതുവത്സര വിപണി സജീവമാകുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുള്ളത്.

click me!