ആവശ്യമായി വന്നാല്‍ സുപ്രീം കോടതിയില്‍ പോകുമെന്ന് തോമസ് ഐസക്; മന്ത്രിസഭാ ഉപസമിതി പരിഗണിക്കട്ടെയെന്ന് നിര്‍മല സീതാരാമന്‍

Published : Dec 05, 2019, 11:29 AM ISTUpdated : Dec 05, 2019, 11:35 AM IST
ആവശ്യമായി വന്നാല്‍ സുപ്രീം കോടതിയില്‍ പോകുമെന്ന് തോമസ് ഐസക്; മന്ത്രിസഭാ ഉപസമിതി പരിഗണിക്കട്ടെയെന്ന് നിര്‍മല സീതാരാമന്‍

Synopsis

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ യൂണിയന്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്നും പാര്‍ലമെന്‍റ് സമ്മേളനത്തിനു ശേഷം ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാമെന്നും നിര്‍മലാ സീതാരാമന്‍ ഉറപ്പു നല്‍കി.

ദില്ലി: ജിഎസ്ടി നിയമമനുസരിച്ച് ഇന്ത്യാ ഗവണ്‍മെന്‍റ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടന അനുസരിച്ച് നല്‍കേണ്ടതായ നഷ്ട പരിഹാരം ഉടന്‍ നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു.

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് ധനകാര്യ മന്ത്രി മന്‍പ്രീത് ബാദല്‍, മധ്യപ്രദേശ് വാണിജ്യ നികുതി മന്ത്രി ബ്രിജേന്ദ്ര സിംഗ് റാത്തോര്‍, പുതുച്ചേരി റവന്യൂ മന്ത്രി ഫാറൂഖ് ഷാജഹാന്‍, രാജസ്ഥാന്‍ മന്ത്രി സുഭാഷ് ഗാര്‍ഗ്, കേരള ധനമന്ത്രി തോമസ് ഐസക്കിനു വേണ്ടി കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് എന്നിവരാണ് ഇന്ന് നോര്‍ത്ത് ബ്ലോക്കില്‍ വെച്ച് നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തിയത്. ഈ ആറു സംസ്ഥാനങ്ങളുടേയും നിവേദനങ്ങള്‍ അവര്‍ സമര്‍പ്പിച്ചു.

കേരളത്തിന് ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. 28 ശതമാനമാണ് റവന്യൂ വിടവ് ഉണ്ടായിട്ടുള്ളത്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) Act 2017 വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട് എന്ന് ഡോ. തോമസ് ഐസക്കിന്‍റെ നിവേദനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. നഷ്ടപരിഹാരം സമയത്ത് നല്‍കാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പുതുച്ചേരി സംസ്ഥാനത്തിന് 52 ശതമാനത്തോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഫറൂഖ് ഷാജഹാന്‍ ചൂണ്ടിക്കാട്ടി. പഞ്ചാബിനാകട്ടേ ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പേയുള്ള നിരവധി വര്‍ഷങ്ങളില്‍ എഫ്സിഐ മുഖാന്തിരം ഏറ്റെടുത്തിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതം ലഭിച്ചിട്ടില്ലായെന്ന് പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് ബാദലും പരാതിപ്പെട്ടു. രണ്ടു വര്‍ഷക്കാലത്തിനിടയില്‍ രണ്ടു കനത്ത പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വന്ന കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും അടയന്തിരമായി ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും സമ്പത്ത് അഭ്യര്‍ത്ഥിച്ചു.

ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച വിഷയങ്ങള്‍ യൂണിയന്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കാമെന്നും പാര്‍ലമെന്‍റ് സമ്മേളനത്തിനു ശേഷം ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാമെന്നും നിര്‍മലാ സീതാരാമന്‍ ഉറപ്പു നല്‍കി. ജിഎസ്ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമായി വന്നാല്‍ കേരള സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 31 -ന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നത് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?